'ഇതിലും വലിയ സെമി ഫൈനല്‍ ഉണ്ടാവില്ല': സൗരവ് ഗാംഗുലി
2023 ICC WORLD CUP
'ഇതിലും വലിയ സെമി ഫൈനല്‍ ഉണ്ടാവില്ല': സൗരവ് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 1:31 pm

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ കളിച്ച 7 കളിയും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. ഇതോടെ 2023ലെ ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിച്ച ആദ്യ ടീമായി മാറുകയാണ് ഇന്ത്യ. രണ്ടാം സ്ഥാനത്ത് 7 കളികളില്‍ നിന്നും ആറ് വിജയമായി സൗത്ത് ആഫ്രിക്ക തൊട്ടു പുറകിലുണ്ട് മൂന്നാം സ്ഥാനം ഓസ്‌ട്രേലിയയും നാലാം സ്ഥാനം ന്യൂസിലാന്റുമാണ്.

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ 39 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത് 2023 ലോകകപ്പിലെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് ശ്രീലങ്ക കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് ഏറ്റുവാങ്ങിയത്. 19.4 ഓവറില്‍ ശ്രീലങ്ക 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

2023 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ടൂര്‍ണമെന്റില്‍ നിര്‍ണായകഘട്ടത്തില്‍ ബദ്ധവൈകളായ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ സെമിഫൈനല്‍ മത്സരമാണ് കാണാന്‍ സാധിക്കുകയെന്ന് എടുത്തു പറഞ്ഞിരിക്കുകയാണ് സൗരവ് ഗാംഗുലി.

ഒരു പ്രാദേശിക വാര്‍ത്ത ചാനലിനോട് സംസാരിക്കുമ്പോള്‍ ആയിരുന്നു സൗരവ് ഗാംഗുലി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും സെമിഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അതിനേക്കാള്‍ മികച്ച ഒരു സെമി ഫൈനല്‍ ഉണ്ടാകില്ലെന്ന് ഊന്നി പറഞ്ഞത്.

‘പാകിസ്ഥാന്‍ സെമി ഫൈനലില്‍ യോഗ്യത നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നതിനേക്കാള്‍ വലിയ സെമി ഫൈനല്‍ ഉണ്ടാകില്ല’ ഗാംഗുലി പറഞ്ഞു.

ലോകകപ്പില്‍ മോശം ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്ന പാകിസ്ഥാന്‍ നിരയുടെ തിരിച്ചുവരവിന് ഗാംഗുലി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിന്റെ പിരിമുറുക്കത്തില്‍ ആണെന്നും അവര്‍ വിജയിക്കാന്‍ ഏറെ വെല്ലുവിളി നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി മത്സരിച്ചപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിന് പാകിസ്ഥാന്‍ വിജയിക്കുകയുണ്ടായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 401 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നിലയിലായപ്പോള്‍ മഴ പെയ്യുകയായിരുന്നു. ഇതോടെ പാകിസ്ഥാന്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 8 കളികളില്‍ നിന്ന് നാലു വിജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

നവംബര്‍ 11 ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടും. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെടുമെന്ന് പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ ഇത് അവരുടെ ഫൈനല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 

Content Highlight: Sourav Ganguly  Wants India- Pakistan Semi- Final