അദ്ദേഹം ഉള്ളതുകൊണ്ടാണ് എനിക്ക് ആ ടീമിനെ കൂടുതല്‍ ഇഷ്ടം: യൂറോകപ്പിലെ പ്രിയ ടീമിനെക്കുറിച്ച് ഗാംഗുലി
DSport
അദ്ദേഹം ഉള്ളതുകൊണ്ടാണ് എനിക്ക് ആ ടീമിനെ കൂടുതല്‍ ഇഷ്ടം: യൂറോകപ്പിലെ പ്രിയ ടീമിനെക്കുറിച്ച് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th June 2024, 1:12 pm

ലോകത്തിലെ ഫുട്‌ബോള്‍ പ്രേമികളെല്ലാം യൂറോ കപ്പിന്റെ ആവേശത്തിലാണ്. ഇപ്പോള്‍ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ പ്രിയപ്പെട്ട ടീമുകള്‍ ഏതൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

പോര്‍ച്ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് യൂറോയില്‍ താന്‍ സൂഷ്മമായി പിന്തുടരുന്നതെന്നാണ് ഗാംഗുലി പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാരണമാണ് താന്‍ പോര്‍ച്ചുഗലിനെ പിന്തുടരുന്നതെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയിലാണ് ഗാംഗുലി പ്രതികരിച്ചത്.

‘യൂറോകപ്പ് ഒഴികെയുള്ള ടൂര്‍ണമെന്റുകള്‍ ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ജര്‍മനിയെയും ഫ്രാന്‍സിനെയും പോര്‍ച്ചുഗലിനേയും പിന്തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ളതുകൊണ്ടാണ് ഞാന്‍ പോര്‍ച്ചുഗലിനെ ഇഷ്ടപ്പെടുന്നത്; ഗാംഗുലി പറഞ്ഞു.

അതേസമയം പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ആണ് റൊണാള്‍ഡോയും സംഘവും പരാജയപ്പെടുത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജോര്‍ജിയെക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പറങ്കിപ്പട പരാജയപ്പെടുകയും ചെയ്തു.

തുര്‍ക്കിക്കെതിരെ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റൊണാള്‍ഡോക്ക് ഗോള്‍ അടിക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു എന്നാല്‍ തന്റെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസിന് അല്‍ നസര്‍ നായകന്‍ പാസ് നല്‍കുകയായിരുന്നു. ഈ അസിസ്റ്റിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ബൂട്ട് കെട്ടിയ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.

 

Content Highlight: Sourav Ganguly Talks about Euro Cup Favorite Teams