ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടാണ് ആതിഥേയരായ പാകിസ്ഥാന്‍ തുടങ്ങിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇനി ക്രിക്കറ്റ് ലോകം. ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുമെന്നത് ഉറപ്പാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇന്ത്യയ്ക്ക് വൈറ്റ് ബോളില്‍ മികച്ച യുവ താരങ്ങള്‍ ഉണ്ടെന്നും ശുഭ്മന്‍ ഗില്ലിനെപ്പോലെ സെഞ്ച്വറി നേടാനും മത്സരങ്ങള്‍ വിജയിപ്പിക്കാനും കഴിയുന്ന അഞ്ച് താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ടെന്നും താരം പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഷമിയും ബുംറയും മികച്ച താരങ്ങളാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘വൈറ്റ് ബോളിന്റെ കാര്യത്തില്‍ ഈ രാജ്യത്ത് വലിയ പ്രതിഭകളുണ്ട്. ടി-20 പരമ്പരയില്‍ (ഇംഗ്ലണ്ടിനെതിരെ) അഭിഷേക് ശര്‍മ ബാറ്റ് ചെയ്ത രീതി അവിശ്വസനീയമായിരുന്നു. അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവുമില്ല. യുവ താരങ്ങളെല്ലാം മിടുക്കന്‍മാരായതിനാല്‍ സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
സെഞ്ച്വറി നേടാനും മത്സരങ്ങള്‍ ജയിക്കാനും കഴിയുന്ന അഞ്ച് ശുഭ്മന്‍ ഗില്ലുകള്‍ ഇന്ത്യയിലുണ്ട്, മാത്രമല്ല ബംഗ്ലാദേശിനെതിരെ ഷമിയുടെ അഞ്ച് വിക്കറ്റുകളില്‍ എനിക്ക് അത്ഭുതമില്ല. ആക്രമണത്തിന് അദ്ദേഹം നേതൃത്വം നല്‍കുന്നത് തുടരും. വ്യക്തമായും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറ എന്നാല്‍ ഷമി ഒട്ടും പിന്നിലല്ല. ഒരേയൊരു കാര്യം, ഷമി ഫിറ്റ് ആയി തുടരണം എന്ന് മാത്രം,’ ഗാംഗുലി പറഞ്ഞു.
Content Highlight: Sourav Ganguly Talking About Indian Cricket Team