ഹെഡ് കോച്ചിനെ തെരഞ്ഞെടുക്കുമ്പോള്‍ നോക്കിയും കണ്ടും എടുക്കണം; ബി.സി.സി.ഐക്ക് പരോക്ഷ സന്ദേശവുമായി ഗാംഗുലി
Sports News
ഹെഡ് കോച്ചിനെ തെരഞ്ഞെടുക്കുമ്പോള്‍ നോക്കിയും കണ്ടും എടുക്കണം; ബി.സി.സി.ഐക്ക് പരോക്ഷ സന്ദേശവുമായി ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 8:26 pm

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്. നിലവില്‍ ജൂണ്‍ അവസാനം വരെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ ഒപ്പമുണ്ട്.

എന്നാല്‍ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരാണ് എത്തുക എന്ന് വ്യക്തമല്ല. നിരവധി പേര്‍ പരിശീലക സ്ഥാനത്തേക്ക് ആപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ അയച്ചെന്ന് പറഞ്ഞ് പലരുടേയും പേരുകള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സജീവമാണ്.

ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്റെ എക്‌സ് അക്കൗണ്ടിലൂടെ ബി.സി.സി.ഐക്ക് പരോക്ഷ സന്ദേശം എഴുതിയിരിക്കുകയാണ്. പരിശീലകനെ വിവേകത്തോടെ തെരഞ്ഞെടുക്കണം എന്ന രീതിയിലാണ് ഗാംഗുലി എക്‌സില്‍ പങ്കുവെച്ച കുറിപ്പ്.

‘ഒരാളുടെ ജീവിതത്തില്‍ കോച്ചിന്റെ പ്രാധാന്യവും മാര്‍ഗനിര്‍ദേശവും നിരന്തരമായ പരിശീലനവും കളിക്കളത്തിനകത്തും പുറത്തും വ്യക്തിയുടെ ഭാവിയെ രൂപപ്പെടുത്തുന്നത്. അതിനാല്‍ പരിശീലകനെയും സ്ഥാപനത്തെയും വിവേകത്തോടെ തിരഞ്ഞെടുക്കുക,’ എന്നാണ് താരം എക്‌സില്‍ എഴുതിയത്.

ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായാല്‍ പല ഇന്ത്യന്‍ താരങ്ങളുടെയും ഭാവി ഇല്ലാതാകുമെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം ഗംഭീറിന്റെ നിയമനത്തിന് എതിരാണോ ഗാംഗുലി എന്ന് പലരും ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ആദ്യ മൂന്ന് സീസണുകളില്‍ കെ.കെ.ആറിനായി ഐ.പി.എല്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സൗരവിന് പകരം ഗൗതം കെ.കെ.ആര്‍ ക്യാപ്റ്റനായി. 2012ലും 2014ലും നൈറ്റ് റൈഡേഴ്‌സിനായി രണ്ട് ഐ.പി.എല്‍ ട്രോഫികള്‍ ഗംഭീര്‍ നേടിയിട്ടുണ്ട്.

 

Content Highlight: Sourav Ganguly Shared A X Post About Selecting Indian Head Coach