വിക്രം എന്ന ചിത്രത്തിലെ ആക്ഷൻ സീനുകൾ കണ്ടിട്ടാണ് തന്റെ ചിത്രത്തിലേക്ക് അൻപ്-അറിവ് എന്നിവരെ കൊണ്ടുവന്നതെന്ന് നിർമാതാവ് സോഫിയ പോൾ. ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ കഥ അൻപ്-അറിവ് എന്നിവർക്ക് ഇഷ്ടമാകുകയും മലയാളത്തിൽ ഇരുവർക്കും നല്ല പേര് സ്ഥാപിക്കണമെന്നും അവർ പറഞ്ഞെന്നും സോഫിയ പോൾ പറഞ്ഞു.
‘സിനിമകൾ ചെയ്യുമ്പോൾ നമ്മൾ ടെക്നിക്കൽ സൈഡ് എപ്പോഴും മികച്ചതാക്കണം, ആ സിനിമയുടെ ക്വാളിറ്റി നിലനിർത്താൻ നോക്കണം. ആർ.ഡി.എക്സിന്റെ സംവിധായകാൻ നഹാസ് പുതിയൊരാളാണ്. അപ്പോൾ അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യണം. കാരണം ഇതൊരു ആക്ഷൻ ചിത്രമാണാല്ലോ.
ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ആര് ചെയ്യും എന്നുള്ള ഒരു സംശയത്തിലാണ് ഞങ്ങൾ അൻപ്-അറിവിൽ എത്തുന്നത്. ആ സമയത്ത് വിക്രം ഒക്കെ ഇറങ്ങി ഹിറ്റായി നിൽക്കുന്ന സമയമാണ്. കെ.ജി.എഫ് ഒക്കെ ഹിറ്റായിരുന്നല്ലോ. വിക്രം ഞങ്ങൾ തിയേറ്ററിൽ പോയി കണ്ടപ്പോൾ തന്നെ ആലോചിച്ചു ആക്ഷൻ ഒക്കെ നല്ല ഭംഗിയുണ്ടല്ലോയെന്ന്. ഞങ്ങൾ ഒത്തിരി എൻജോയ് ചെയ്ത് കണ്ട ചിത്രമാണത്. അങ്ങനെ ഞാൻ ഒരു തീരുമാനം എടുത്തു, നമ്മുടെ പടവും ഇതുപോലെ ആരെങ്കിലും ഒരാൾ ചെയ്യണമെന്ന്. അങ്ങനെ ഞങ്ങൾ അൻപ്-അറിവിനെ പോയി കണ്ടു. സംവിധായകാൻ നഹാസ് കഥ വിവരിച്ച് കൊടുത്തു. അവർക്ക് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. അവർ പണ്ട് മലയാളത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അന്ന് ചിലപ്പോൾ അവർ മുഖ്യ ധാരയിലേക്ക് വന്നിട്ടില്ലായിരിക്കും. ഇനി മലയാളത്തിൽ നല്ലൊരു പേര് സ്ഥാപിച്ചിട്ട് പോണമെന്ന് അവർ പറഞ്ഞു,’ സോഫിയ പോൾ പറഞ്ഞു.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ നായകന്മാരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ഡി.എക്‌സ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓണം റിലീസായിട്ടാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.