അന്ന് ആ സിനിമയുടെ പ്രൊമോഷന് വേണ്ടി ചെന്നപ്പോള്‍ അവന്‍ ചാനല്‍ അവതാരകന്‍, ഇന്ന് അവന്‍ തമിഴിലെ ഏറ്റവും തിരക്കുള്ള നടനാണ് : സൂരി
Entertainment
അന്ന് ആ സിനിമയുടെ പ്രൊമോഷന് വേണ്ടി ചെന്നപ്പോള്‍ അവന്‍ ചാനല്‍ അവതാരകന്‍, ഇന്ന് അവന്‍ തമിഴിലെ ഏറ്റവും തിരക്കുള്ള നടനാണ് : സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd June 2024, 11:44 am

കോമഡി നടനായി കരിയര്‍ ആരംഭിച്ച് ഇന്ന് മികച്ച സിനിമകളില്‍ നായകവേഷം ചെയ്ത നടനാണ് സൂരി. കരിയറില്‍ തന്നോടൊപ്പം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ശിവകാര്‍ത്തികേയനെക്കുറിച്ചുള്ള ഓര്‍മകള്‍ സൂരി പങ്കുവെച്ചു. കളവാണി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയിലാണ് ശിവയെ ആദ്യമായി കണ്ടതെന്നും ഇന്ന് തമിഴിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ശിവ മാറിയെന്നും സൂരി പറഞ്ഞു.

മനം കൊത്തി പറവൈ എന്ന സിനിമയിലാണ് ശിവയോടൊപ്പം ആദ്യമായി അഭിനയിച്ചതെന്നും, ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ ശിവയുടെ ടാലന്റ് മനസിലായെന്നും സൂരി പറഞ്ഞു. ആ സിനിമയില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കൗണ്ടറുകളാണ് തങ്ങള്‍ പറഞ്ഞതെന്നും സൂരി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗരുഡന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം പറഞ്ഞത്.

‘ശിവയെ ഞാന്‍ ആദ്യമായി കാണുന്നത് കളവാണി എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്താണ്. അന്ന് ഒരു ചാനലില്‍ പ്രൊമോഷന് പോയി. ആ പരിപാടിയുടെ അവതാരകനായിരുന്നു ശിവ. അന്നേ അവന്റെ കോമഡി ടൈമിങ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിന് ശേഷം അവന്‍ ആദ്യമായി നായകനാകുന്ന സിനിമയില്‍ ഞാനും ഉണ്ടായിരുന്നു. മനം കൊത്തി പറവൈ എന്നായിരുന്നു ആ സിനിമയുടെ പേര്.

ആദ്യത്തെ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ ആള് നിസാരക്കാരനല്ലെന്ന് മനസിലായി. ആ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പല കൗണ്ടറുകളും ഞങ്ങള്‍ കൈയില്‍ നിന്ന് ഇട്ടതാണ്. അവന്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് ഞാന്‍ ആദ്യമേ കൗണ്ടര്‍ സെറ്റാക്കി വെക്കും. അവന്‍ അതിന് സ്‌പോട്ടില്‍ മറു കൗണ്ടര്‍ അടിക്കും.

ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇന്ന് അവന്‍ തമിഴിലെ മികച്ച താരങ്ങളിലൊരാളാണ്. എന്നെ എല്ലാ സ്ഥലത്തും അണ്ണന്‍ എന്നേ വിളിക്കാറുള്ളൂ. എനിക്ക് അവന്‍ കൂടെപിറക്കാതെ പോയ അനിയനെപ്പോലെയാണ്. ഇനിയും ഉയരങ്ങളിലേക്ക് അവന്‍ എത്തുമെന്ന് ഉറപ്പാണ്,’ സൂരി പറഞ്ഞു.

Content Highlight: Soori about the memories with Sivakarthikeyan