'സുരരൈ പോട്ര്'നും മീതെ മറ്റൊരു ആകാശ നായകന്റെ കഥ, ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത്
Details
'സുരരൈ പോട്ര്'നും മീതെ മറ്റൊരു ആകാശ നായകന്റെ കഥ, ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 7:03 pm

1995 നവംബര്‍ 14 ന് രാത്രി. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒരു പ്രത്യേക സര്‍വീസ് നടത്തി. ഒരാള്‍ക്ക് വേണ്ടി മാത്രമായിരുന്നു ആ വിമാനം പറന്നത്. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിന് വേണ്ടി. 45ാമത്തെ വയസ്സില്‍ ജന്മനാട്ടിലേക്ക് തന്റെ സ്വന്തം വിമാനത്തില്‍ പറന്നിറങ്ങിയ തഖിയുദ്ദീന്‍ വാഹിദിന് ജീവനുണ്ടായിരുന്നില്ല.

തലേന്ന് രാത്രി മുംബൈയിലെ തെരുവില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട തഖിയുദ്ദീന്‍ വാഹിദിന്റെ ചലനമറ്റ ശരീരവുമായാണ് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനം തിരുവനന്തപുരത്തേക്ക് പറന്നത്. വളര്‍ച്ചയുടെ ആകാശങ്ങളിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു രാത്രിയില്‍, ഇരുട്ടില്‍ വെടിയുണ്ടകളാല്‍ ആ വ്യവസായിയുടെ ജീവിതം അവസാനിപ്പിക്കപ്പെടുകയായിരുന്നു.

തഖിയുദ്ദീന്‍ വാഹിദിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചപ്പോള്‍. കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌

തലേന്ന് രാത്രി, അഥവാ 1995 നവംബര്‍ 13ന് രാത്രി. തഖിയുദ്ദീന്‍ വാഹിദിനെ സംബന്ധിച്ച് അന്ന് പതിവിനേക്കാളേറെ തിരക്കുള്ള ദിവസമായിരുന്നു. പുതുതായി മൂന്ന് വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട മാനേജ്മെന്റിന്റെ മീറ്റിങ്ങിന് ശേഷം അദ്ദേഹം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി. പതിവു പോലെ എല്ലാവരോടും യാത്ര പറഞ്ഞ് തന്റെ ബുള്ളറ്റ് പ്രൂഫ് ബെന്‍സില്‍ ഡ്രൈവറോടൊപ്പം ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പുറപ്പെട്ടു.

മുംബൈ ബാന്ദ്രയിലെ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പൊടുന്നനെ ഒരു ചുവന്ന ഓമ്നി വാന്‍ കുതിച്ചെത്തി. ഉടന്‍ വാനില്‍ നിന്ന് മൂന്നുപേര്‍ തോക്കുമായി ചാടിയിറങ്ങി തുരുതുരാ നിറയൊഴിച്ചു. ഒരാള്‍ വലിയ ചുറ്റിക കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. മിനിറ്റുകളോളം വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. ശരീരത്തില്‍ മുപ്പതോളം വെടിയുണ്ടകളേറ്റ തഖിയുദ്ദീന്‍ വാഹിദ് ചോരയില്‍ കുതിര്‍ന്ന് ജീവന്‍ വെടിഞ്ഞു.

വര്‍ക്കലയിലെ ഉണക്കമീന്‍ വ്യാപാരിയായിരുന്ന അബ്ദുല്‍ വാഹിദ് മുസ്‌ലിയാരുടെ മകന്‍ തക്കിയില്‍ നിന്നും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമയും ഇന്ത്യയില്‍ സമാനതകളില്ലാത്ത വളര്‍ച്ച കൈവരിച്ച വ്യവസായിയുമായ തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമവും ഒടുവില്‍ സംഭവിച്ച ദാരുണമായ അന്ത്യവും ഇന്ത്യയിലെ വ്യവസായത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ഒരു അധ്യായമാണ്.

മുംബൈ അധോലോകത്തിലെ ചേരിപ്പോരിനിരയായി കൊല്ലപ്പെട്ടു എന്ന് പൊലീസ് തിരക്കഥയെഴുതിയ തഖിയുദ്ദീന്‍ വാഹിദിന്റെ മരണത്തിന് പിന്നില്‍ ഇന്നും ചുരുളഴിയാത്ത അനേകം രഹസ്യങ്ങളുണ്ട്. ഇന്ത്യയിലെ വ്യവസായ ലോകവും അധികാരരാഷ്ട്രീയവും തമ്മിലുള്ള രഹസ്യബാന്ധവങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളില്‍ എപ്പോഴും കടന്നുവരുന്ന പേരാണ് തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദ്.

തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദ്

ഹിന്ദുത്വരാഷ്ട്രീയവും പ്രാദേശികവാദവും മഹാരാഷ്ട്രയില്‍ ശക്തമാകുന്ന കാലത്ത് തന്നെയാണ് ദക്ഷിണേന്ത്യക്കാരനായ ഒരു മലയാളി മുസ്‌ലിം മുംബൈ നഗരത്തില്‍ പരിധികളില്ലാതെ വളര്‍ന്നത്. ഉത്തരേന്ത്യയിലെ ജാതി പ്രമാണിമാര്‍ മാത്രം കയ്യടക്കിവാണിരുന്ന ഇന്ത്യന്‍ വ്യവസായ ലോകത്ത് ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു തഖിയുദ്ദീന്‍ വാഹിദ്. കൊല്ലപ്പെടുന്നതിന് മുമ്പ് മുംബൈയിലെ പ്രതികൂല സാഹചര്യങ്ങളാല്‍ തന്റെ തട്ടകം ചെന്നെയിലേക്ക് പറിച്ചുനടാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. നിരവധി തവണ വധഭീഷണികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.

ഇന്ത്യന്‍ വ്യവസായത്തിന്റെ ആകാശത്ത് അതികായനായി വളര്‍ന്ന തഖിയുദ്ദീന്‍ വാഹിദിനെ ആരാണ് അവസാനിപ്പിച്ചതെന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കാലത്തെ സംഭവവികാസങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാകും. എന്നാല്‍ നിയമത്തിന് മുന്നില്‍ മാത്രം ഇപ്പോഴും യാതൊരു തുമ്പും തെളിവുമില്ലാത്ത സംഭവമാണ് തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകം.

ഒ.ടി.ടി റിലീസിലൂടെ ഇപ്പോള്‍ ഹിറ്റായി മാറിയ തമിഴ് ചലച്ചിത്രം സുരരൈ പോട്ര് ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സംവിധായിക സുധ കൊങ്ങാര ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ്

പാവപ്പെട്ട ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ച് പിന്നീട് കൃഷിയിലും ഹോട്ടല്‍ മേഖലയിലും പ്രവര്‍ത്തനമാരംഭിച്ച ശേഷം വ്യോമയാന രംഗത്ത് വന്‍ സാമ്രാജ്യം പണിതുയര്‍ത്തിയ കര്‍ണാടക സ്വദേശി ജി.ആര്‍ ഗോപിനാഥിനെ നെടുമാരന്‍ എന്ന കഥാപാത്രത്തിലൂടെ സൂര്യ അതി ഗംഭീരമായി അവതരിപ്പിച്ചു.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഒരു കാലഘട്ടത്തെ ചിത്രീകരിച്ച ‘സുരരൈ പോട്രി’ലെ പല രംഗങ്ങളും യഥാര്‍ത്ഥത്തില്‍ തഖിയുദ്ദീന്‍ വാഹിദിന്റെ ജീവിതമായിരുന്നു. ജി.ആര്‍ ഗോപിനാഥ് തന്റെ കമ്പനിയായ എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നതിനും ഒരു ദശാബ്ദം മുമ്പാണ് തഖിയുദ്ദീന്‍ വാഹിദ് തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലൊരാളായി മാറുമായിരുന്നുവെന്നാണ് തഖിയുദ്ദീനെക്കുറിച്ച് നിരവധി പേര്‍ വിശേഷിപ്പിച്ചത്. മുംബെയിലെ ബാന്ദ്ര വെസ്റ്റില്‍ പുതിയ വീട് പണിയാന്‍ തഖിയുദ്ദീന്‍ വാങ്ങിയ സ്ഥലത്ത് ഇപ്പോള്‍ വീടുവെച്ചു താമസിക്കുന്നത് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്.

1952 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിലെ ഓടയത്ത് കോട്ടുവിളാകം ഹാജി അബ്ദുല്‍ വാഹിദ് മുസ്ലിയാരുടേയും സല്‍മാ ബീവിയുടേയും മകനായാണ് തക്കി എന്ന തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദിന്റെ ജനനം. മുസ് ലിയാരുടെ 11 മക്കളിലൊരാളായ തഖിയുദ്ദീന്‍ വ്യവസായത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് പിതാവില്‍ നിന്ന് തന്നെയാണ്. കടലില്‍ നിന്ന് പിടിക്കുന്ന മീനുകള്‍ ഒന്നിച്ചു വാങ്ങി ഉണക്കി വിദേശത്തേക്ക് കയറ്റിയയക്കുന്ന വ്യവസായമായിരുന്നു അബ്ദുല്‍വാഹിദ് മുസ് ലിയാര്‍ നടത്തിയിരുന്നത്.

തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദ്. കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌

1970കളില്‍ പിതാവിന്റെ കീഴിലുണ്ടായിരുന്ന ഉണക്ക മീന്‍ കയറ്റുമതി ബിസിനസില്‍ സഹോദരന്‍ നാസിറുദ്ദീനോടൊപ്പം പങ്കാളിയായാണ് തഖിയുദ്ദീന്‍ ബിസിനസ് ജീവിതം തുടങ്ങിയത്. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും പ്രാദേശിക രാഷ്ട്രീയത്തിലൂടെ ലഭിച്ച പ്രാസംഗിക കലയുമാണ് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായത്.

തഖിയുദ്ദീന്റെ സഹോദരന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് വാഹിദ് കുടുംബത്തിന്റെ തലവര മാറ്റുന്നത്. ഒരിക്കല്‍ ബോംബെ വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തില്‍ നിന്ന് കണ്ടുകിട്ടിയ ഒരു പേഴ്സ് തഖിയുദ്ദീന്റെ സഹോദരന്‍ നസീറുദ്ദീന്‍ വാഹിദ് അതിന്റെ ഉടമയായ ഒരു അറബിയെ തേടിപ്പിടിച്ച് ഏല്‍പ്പിച്ചു. അതിന്റെ സന്തോഷത്തില്‍ അയാള്‍ നസീറുദ്ദീന് തന്റെ വിസിറ്റിങ് കാര്‍ഡ് നല്‍കി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞു.

ബഹ്റയ്നിലെ ആല്‍ ആലി വാണിജ്യഗ്രൂപ്പിന്റെ ഉടകളിലൊരാളായ അഹമ്മദ് മന്‍സൂര്‍ ആല്‍ ആലി ആയിരുന്നു അത്. നാസിറുദ്ദീന് ബഹ്‌റൈനില്‍ വലിയ ജോലി അഹമ്മദ് മന്‍സൂര്‍ ആല്‍ ആലി വാഗ്ദാനം ചെയ്തു. എന്നാല്‍ ജോലിക്ക് പകരം കമ്പനിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാറായിരുന്നു നാസിറുദ്ദീന്‍ ആവശ്യപ്പെട്ടത്. അഹമ്മദ് മന്‍സൂര്‍ ആല്‍ ആലി സന്തോഷത്തോടെ അത് സമ്മതിച്ചു. ലൈസന്‍സ് നേടി നാസിറുദ്ദീന്‍ റിക്രൂട്ട്മെന്റ് ആരംഭിച്ചു. സഹായത്തിനായി അന്ന് അജ്മാനിലെ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന തഖിയുദ്ദീനെ വിളിച്ചു. ഇരുവരും ചേര്‍ന്ന് തങ്ങളുടെ രക്തത്തിലലിഞ്ഞുചേര്‍ന്ന വ്യവസായ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ പിടിപ്പിച്ചു.

നാസിറുദ്ദീന്‍ വാഹിദ്‌

1980ലാണ് മുംബൈ ദാദറില്‍ ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്റ് ട്രേഡ് ലിങ്ക്സ് എന്ന പേരില്‍ റിക്രൂട്ടിങ് ആന്റ് ട്രാവല്‍ ഏജന്‍സി തുടങ്ങുന്നത്. ഗള്‍ഫ് മോഹങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലന്വേഷികളായ യുവാക്കള്‍ ബോംബെയിലേക്ക് വണ്ടി കയറുന്ന കാലമായിരുന്നു അത്. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് കിടപ്പാടവും കെട്ടുതാലിയും പണയം വെച്ച് ബോംബെയിലെത്തിയ അനേകമാളുകളെ കൊള്ള ലാഭമില്ലാതെ വാഹിദ് സഹോദരന്മാര്‍ കടലുകടത്തി. ഈസ്റ്റ് വെസ്റ്റ് വളര്‍ന്നു. 1986ല്‍ എയര്‍ ഇന്ത്യയുടേയും ഗള്‍ഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജന്‍സിയായി ഈസ്റ്റ് വെസ്റ്റ് മാറി. തുടര്‍ന്ന് സ്വന്തമായി വിമാന സര്‍വിസിലേക്കും കമ്പനി നീങ്ങി.

ഇന്ത്യയില്‍ ആഗോളവത്കരണം പച്ചപിടിക്കാന്‍ തുടങ്ങിയ സമയത്ത് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യവസായമായിരുന്നു വ്യോമയാന മേഖല. 1992ലാണ് ഇന്ത്യ വ്യോമായാന മേഖലയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഓപ്പണ്‍ എയര്‍ പോളിസി പ്രഖ്യാപിക്കുന്നത്. വ്യോമയാന മേഖലയിലെ എയര്‍ഇന്ത്യയുടെ മേധാവിത്തം അവസാനിപ്പിച്ച് സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ടാറ്റയെയും ബിര്‍ലയെയും പോലുള്ള വമ്പന്‍മാര്‍ ലൈസന്‍സ് കൈക്കലാക്കിയെങ്കിലും അവരെ മറികടന്ന് സര്‍വീസ് ആരംഭിക്കാന്‍ വാഹിദ് സഹോദരന്‍മാര്‍ക്ക് സാധിച്ചു.

1991ലെ ഗള്‍ഫ് യുദ്ധം എണ്ണവില ഉയര്‍ത്തിയതിനാല്‍ വ്യോമയാനക്കമ്പനികള്‍ക്ക് ദുരിതകാലം കൂടിയായിരുന്നു അത്. ഈ പ്രതിസന്ധി തുറന്നുവിട്ട സാധ്യതകളെ തഖിയുദ്ദീനും സഹോദരനും വിനിയോഗിക്കുകയായിരുന്നു. വിമാനക്കമ്പനികള്‍ കുറഞ്ഞവാടകയ്ക്ക് വിമാനം നല്‍കാന്‍ തയ്യാറായതിനാല്‍ വാഹിദ് സഹോദരന്‍മാര്‍ ഗിന്നസ് പീറ്റ് ഏവിയേഷനില്‍ നിന്ന് വിമാനങ്ങള്‍ വാടകയ്ക്കെടുത്തു. 35 കോടി രുപ മുതല്‍ മുടക്കില്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ആരംഭിക്കുകയും ചെയ്തു. 1992 ഫെബ്രുവരി 28ന് ആദ്യവിമാനം ബോയിങ് 737 കൊച്ചിയിലേക്ക് പറന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍ പിറന്നു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ കാലമായിരുന്നു. അതിര്‍വരമ്പില്ലാതെ ലോകത്തിന്റെ ആകാശ മേലാപ്പുകള്‍ കീഴടക്കി തഖിയുദ്ദീന്‍ എന്ന വ്യവസായി മുന്നോട്ടു കുതിച്ചു.

ഇന്ത്യന്‍ എയര്‍ലൈന്‍സിനേക്കാള്‍ 20 ശതമാനം കുറവായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ ടിക്കറ്റ് നിരക്ക്. എന്നിട്ടും 1992ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 150 കോടിയിലധികമായിരുന്നപ്പോള്‍ അതേ വര്‍ഷം ഈസ്റ്റ് വെസ്റ്റ് 8 കോടി ലാഭം നേടി. അക്കാലത്ത് ഉന്നതരെല്ലാം യാത്ര ചെയ്യാന്‍ ഈസ്റ്റ് വെസ്റ്റിനെ തിരഞ്ഞെടുത്തു.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരൊക്കെ ഈസ്‌ററ് വെസ്റ്റ് എയര്‍ലൈന്‍സ് തെരഞ്ഞെടുത്തു. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദര്‍ തെരേസ. മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഈസ്റ്റ് വെസ്റ്റിലെ എല്ലാ വിമാനങ്ങളിലും കമ്പനി അവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയായിരുന്നു.

ഏഷ്യയിലെ തന്നെ നമ്പര്‍ വണ്‍ ട്രാവല്‍ ഏജന്‍സിയായി മാറാനും ഈസ്റ്റ് വെസ്റ്റിന് അധികം സമയമെടുത്തില്ല. മികച്ച സേവനവും കൃത്യനിഷ്ഠതയും പാലിക്കുന്നതില്‍ ഈസ്റ്റ് വെസ്റ്റ് 100 ശതമാനം വിജയിച്ചിരുന്നു. മൂന്ന് ബോയിങ് 737 വിമാനങ്ങളുമായി ആരംഭിച്ച കമ്പനി ആറുമാസം കൊണ്ട് 12 സെക്ടറുകളായി സര്‍വ്വീസ് വ്യാപിപ്പിച്ചു. ഒപ്പം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും തഖിയുദ്ദീന്റെതായി വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ന്നു വന്നു.

മദര്‍ തെരേസ

അമ്പരപ്പിക്കുന്ന ഓഫറുകളുമായി ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് യാത്രക്കാരെ കൈയിലെടുത്തു. പൈലറ്റുമാര്‍ക്ക് നാലിരട്ടി കൂടുതല്‍ ശമ്പളം നല്‍കി. കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ സമരം നടത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഈസ്റ്റ് വെസ്റ്റിനെ ആശ്രയിച്ചു. അവര്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ നല്‍കി. കൂടുതല്‍ കൂടുതല്‍ വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് പറത്തി തക്കിയൂദ്ദീന്‍ ആകാശത്ത് തന്റേതായ ലോകം കെട്ടിപ്പടുത്തു.

തഖിയുദ്ദീനെ പോലെ തന്നെ നേരത്തെ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന നരേഷ് ഗോയല്‍ 1993 മാര്‍ച്ചില്‍ ജെറ്റ് എയര്‍വേയ്സുമായി രംഗത്തെത്തിയതോടെ വ്യോമയാന ലോകത്ത് മത്സരവും ശത്രുതയുമെല്ലാമാരംഭിച്ചു. ആഭ്യന്തര റൂട്ടുകളില്‍ ബിസ്സിനസ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ മലേഷ്യയില്‍ നിന്ന് മൂന്ന് 737 400 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ തക്കിയുദ്ദീന്‍ അഡ്വാന്‍സ് നല്‍കിയത് അക്കാലത്തായിരുന്നു. വിമാനങ്ങള്‍ ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈന്‍ പെയിന്റ് ചെയ്തു തയ്യാറായി. എന്നാല്‍ വിചിത്രമായ എതിര്‍പ്പുമായി അന്ന് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രംഗത്തുവന്നു. ഇത്തരം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്തതിനാല്‍ എയര്‍ക്രാഫ്റ്റിന്റെ അതീവരഹസ്യ സ്വഭാവമുള്ള ബ്ലൂപ്രിന്റ് അടക്കമുള്ള രേഖകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായതിനാല്‍ മലേഷ്യന്‍ കമ്പനി അതിന് തയ്യാറായതുമില്ല.

മുന്നു ദിവസത്തിനുള്ളില്‍ വിമാനം ഏറ്റെടുത്തില്ലെങ്കില്‍ കരാര്‍ റദ്ദാകുകയും പണം നഷ്ടപ്പെടുകയും ചെയ്യും. തക്കിയുദ്ദീന്‍ എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ സഹകരിച്ചില്ല. കരാറും പണവും തഖിയുദ്ദീന് നഷ്ടപ്പെട്ടു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തഖിയുദ്ദീന്‍ ഓര്‍ഡര്‍ ചെയ്ത അതേ വിമാനങ്ങള്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ യാതൊരു എതിര്‍പ്പുമില്ലാതെ ഇന്ത്യയിലെത്തി. പക്ഷേ, നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വെയ്‌സിന്റെ പെയിന്റിലും ഡിസൈനിലുമായിരുന്നു അവ വന്നത്. ആരാണ് തനിക്കെതിരെ കരുക്കള്‍ നീക്കുന്നതെന്ന് തഖിയുദ്ദീന്‍ മനസ്സിലാക്കിത്തുടങ്ങി.

അതിനിടെ ഗോയല്‍ വാങ്ങിയ 737 400 ബോയിങ് വിമാനങ്ങള്‍ക്ക് യന്ത്രത്തകരാര്‍ സംഭവിച്ചു. തഖിയുദ്ദീന്റെ പരിചയക്കാരന്‍ കൂടിയായ ബോയിങ് വൈസ് പ്രസിഡന്റ് സഹായം തേടി തഖിയുദ്ദീനെ വിളിച്ചു. പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന വിദഗ്ധര്‍ അന്ന് ഇന്ത്യയില്‍ ഈസ്റ്റ് വെസ്റ്റില്‍ മാത്രമാണുണ്ടായിരുന്നത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ പോലും എതിര്‍ത്തിട്ടും സഹായിക്കാന്‍ തഖിയുദ്ദീന്‍ തയ്യാറായി. ഈസ്റ്റ് വെസ്റ്റിന് ജറ്റ് എയര്‍വേയ്സിനെ വരെ സഹായിക്കാന്‍ കഴിവുണ്ടെന്ന് പ്രചാരണം നടത്തി തഖിയുദ്ദീന്‍ മധുര പ്രതികാരം തീര്‍ത്തു.

കുടില നീക്കങ്ങളുമായി നരേഷ് ഗോയല്‍ വീണ്ടും തഖിയുദ്ദീനെ പിന്തുടര്‍ന്നു. നരേഷ് ഗോയലുമായി തെറ്റിപ്പിരിഞ്ഞു എന്നറിയിച്ചതിനാല്‍ താന്‍ ജോലി കൊടുത്ത് സ്വീകരിച്ച മലയാളിയായ ദാമോദരന്‍ നരേഷ് ഗോയലിന്റെ ചാരനായിരുന്നുവെന്ന് തഖിയുദ്ദീന്‍ വൈകി അറിഞ്ഞു. മാസങ്ങള്‍ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക അയാള്‍ തിരിച്ചുപോകുകയും ചെയ്തു. ദാമോദരന്‍ തന്റെ ചാരനായിരുന്നുവെന്ന് ഗോയല്‍ തന്നെയാണ് ഒരിക്കല്‍ തഖിയുദ്ദീനെ വിളിച്ചു വീമ്പിളക്കുന്നത്.

കൂടുതല്‍ പദ്ധതികളുമായി തഖിയുദ്ദീന്‍ ഈസ്റ്റ് വെസ്റ്റിനെ വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ആവാമെന്ന് പ്രഖ്യാപിക്കുന്നത്. യു.എ.ഇയുടെ എമിറേറ്റ്സുമായി തഖിയുദ്ദീന്‍ ധാരണാപത്രം ഒപ്പിട്ടു. ധാരണ പരസ്യമായി. അതോടെ വിദേശകമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. യു.എ.ഇയുടെ എമിറേറ്റ്സുമായുള്ള കരാര്‍ തഖിയുദ്ദീന് റദ്ദാക്കേണ്ടി വന്നു. എന്നാല്‍ അപ്പോഴും ജെറ്റ് എയര്‍വേയ്സിന് കുവൈത്ത് എയര്‍വേയ്സില്‍ നിന്നും ഗള്‍ഫ് എയര്‍വേയ്സില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ യാതൊരു തടസ്സമുണ്ടായില്ല. തഖിയുദ്ദീന് മാത്രമായിരുന്നു എപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വന്നത്. തഖിയുദ്ദീന് മുന്നില്‍ മാത്രം എപ്പോഴും അടഞ്ഞുകിടന്ന അധികാരത്തിന്റെ ഉന്നതവാതിലുകള്‍ എപ്പോഴും നരേഷ് ഗോയലിന് വേണ്ടി മലര്‍ക്കെ തുറക്കപ്പെട്ടു.

നരേഷ് ഗോയല്‍

മുംബൈയിലെ അധോലോക നേതാക്കളുമായി പണമിടപാട് നടത്തിയെന്നും, മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളെ വിമാനത്തില്‍ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ തഖിയുദ്ദീന് നേരെ ഉയര്‍ന്നു. കേസ്സുകളില്‍ കുടുക്കാനുള്ള ശ്രമങ്ങളും നടന്നു. അതിനെയും തഖിയുദ്ദീന്‍ അതിജീവിച്ചു. ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞു. പ്രസിന്ധികളോട് പോരാടി തഖിയുദ്ദീന്‍ മുന്നോട്ടു കുതിച്ചു. 1994ല്‍ ഈസ്റ്റ് വെസ്റ്റ് ഇന്ത്യയില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് റൂട്ടുകള്‍ ലഭിക്കുന്ന എയര്‍ലൈന്‍സായി.

തഖിയുദ്ദീന് നിരന്തരം വധഭീഷണികള്‍ വന്നുകൊണ്ടിരുന്നു. എയര്‍ലൈന്‍സ് അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന സന്ദേശങ്ങളടക്കം. എന്നാല്‍ എതിരാളികളുടെ ഭീഷണികള്‍ ഒരു ബിസിനസ് തന്ത്രമായി മാത്രമേ അദ്ദേഹവും കുടുംബവും കരുതിയിരുന്നുള്ളൂ. 95 നവംബറിലെ ആ രാത്രി വരെ.

1995 ഒക്ടോബറായിരുന്നു ഈസ്റ്റ് വെസ്റ്റ് അതിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ മാസം. എന്നാല്‍ തൊട്ടടുത്ത മാസം നവംബര്‍ 13 ന് തഖിയുദീന്‍ കൊല്ലപ്പെട്ടു. ദാവൂദ് ഇബ്രാഹിമുമായി തഖിയുദ്ദീന് ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ ദാവൂദിന്റെ ശത്രുവായ ചോട്ടാരാജന്‍ തഖിയുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. മുംബെയിലെ ഒരു വാടക കൊലയാളി തെരുവില്‍ കൊല്ലപ്പെട്ടാല്‍ ലഭിക്കുന്ന പ്രാധാന്യം പോലും രാജ്യത്തെ ഉന്നതനായ വ്യവസായി തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകത്തിന് ലഭിച്ചില്ല.

തഖിയുദ്ദീന്റെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്ത് വന്നു. തഖിയുദ്ദീന്റെ ഭാര്യയടക്കം അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മൊഴിയെടുക്കാന്‍ മുംബൈ പൊലീസ് തയ്യാറായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.

അതിനിടെ തഖിയുദ്ദീന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹോദരന്‍ ഫൈസല്‍ വാഹിദ് ഒരു ശ്രമം നടത്തി. ചില സാക്ഷികളെ കണ്ടെത്തി. അവരുടെ മൊഴി റെക്കോര്‍ഡ് ചെയ്തു. അവരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി. എന്നാല്‍ പോലിസ് സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. അവര്‍ പിന്നീട് മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയതുമില്ല.

തഖിയുദ്ദീന്‍ കൊല്ലപ്പെട്ടതോടെ തുടര്‍ന്നുവന്ന കേസുകള്‍, ശക്തരായ എതിരാളികളുടെ ഭീഷണി. ഫൈസല്‍ വാഹിദിന് ഈസ്റ്റ് വെസ്റ്റിനെ നിലനിര്‍ത്താന്‍ സാധിച്ചില്ല. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഈസ്റ്റ് വെസ്റ്റിനെ രക്ഷിക്കാന്‍ ഫൈസല്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. 1996 ഓഗസ്റ്റ് എട്ടിന് സര്‍വീസുകള്‍ നിലച്ചു. 1997ല്‍ ഇന്ത്യയുടെ വ്യോമയാന ചിത്രത്തില്‍ നിന്ന് ഈസ്റ്റ് വെസ്റ്റ് എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു.

ഫൈസല്‍ വാഹിദ്

2001ല്‍ തന്നെ അക്കാലത്തെ ഇന്ത്യയിലെ ഇന്റലിജന്‍സ് മേധാവികള്‍ ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രട്ടറിയായിരുന്ന സംഗീത ഗെയ്റോലയ്ക്ക് ഒരു കത്തു നല്‍കി. നരേഷ് ഗോയല്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായി നടത്തുന്ന ചില സാമ്പത്തിക സെറ്റില്‍മെന്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളുടെ വിവരങ്ങളായിരുന്നു അത്.

നരേഷ് ഗോയലിന്റെ വിമാനക്കമ്പനിയില്‍ ചില സംശയകരമായ നിക്ഷേപങ്ങള്‍ നടന്നതായും കള്ളപ്പണം വെളുപ്പിക്കുന്നതായും കത്തിലുണ്ടായിരുന്നു. ജെറ്റ് എയര്‍വേയ്സില്‍ ദാവൂദിന്റെ ബിനാമി നിക്ഷേപമുണ്ടെന്നായിരുന്നു കത്തിന്റെ കാതല്‍. 2001 ഡിസംബറില്‍ കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ലമെന്റ് ഇളകി മറിഞ്ഞു. ഗോയലിന്റെ ദാവൂദ് ബന്ധം സംബന്ധിച്ച തെളിവുകള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അഡ്വാനിയുടെ കയ്യിലെത്തി. നരേഷ് ഗോയലിന്റെ കയ്യില്‍ വിലങ്ങുവീഴുമെന്ന് രാജ്യം കരുതി. പക്ഷേ, ഒന്നും സംഭവിച്ചില്ല. തഖിയുദ്ദീന്റെ ചോരയില്‍ ചവിട്ടി നിന്ന് ഗോയല്‍ ആകാശത്തോളം വളര്‍ന്നു.

2003ല്‍ ദാവൂദിന്റെ സഹായി ഛോട്ടാഷക്കീല്‍ മുംബൈയിലെ അയാളുടെ സംഘാംഗവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ സാങ്കേതിക വിഭാഗം ചോര്‍ത്തിയിരുന്നു. തഖിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പണം നരേഷ് ഗോയല്‍ ഇതുവരെ നല്‍കിയില്ലെന്നായിരുന്നു പ്രധാനമായും ആ സംഭാഷണത്തിലുണ്ടായിരുന്നത്. തുടര്‍ ദിവസങ്ങളില്‍ സമാനമായ സംഭാഷണം റോയ്ക്ക് വീണ്ടും ലഭിച്ചു. 2005 വരെ ഈ രേഖകള്‍ റോയുടെ ഫയലില്‍ കിടന്നു. 2005ന്റെ ആദ്യത്തില്‍ റോയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഈ ടെലഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തഖിയുദ്ദീന്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. എന്നാല്‍ പോലിസ് ഒന്നും ചെയ്തില്ല. കാരണം സര്‍ക്കാറിനും എല്ലാം അറിയാമായിരുന്നു.

എല്ലാവര്‍ക്കും അറിയുമായിരുന്നിട്ടും ആര്‍ക്കുമറിയാത്ത ഒരു കഥ പോലെ, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനകളിലൊന്നിന്റെ ഇരയായ തഖിയുദ്ദീന്‍ വാഹിദ് എന്ന ദക്ഷിണേന്ത്യക്കാരനായ, മലയാളിയായ മുസ്‌ലിം വ്യവസായി ഇല്ലാതാവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Life of  Thakiyudeen Abdul Wahid – Story of East West Airlines