കൂട്ടില്‍ കാഷ്ഠിക്കുന്നവനൊരു സ്തുതി ഗീതം....
Discourse
കൂട്ടില്‍ കാഷ്ഠിക്കുന്നവനൊരു സ്തുതി ഗീതം....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2014, 9:15 pm

സ്വന്തം തൊടിയില്‍ മാലിന്യങ്ങള്‍ കുഴിച്ചിടുന്ന സംസ്‌ക്കാരത്തെ സുകുമാര്‍ അഴീക്കോട് എതിര്‍ക്കുകയായിരുന്നോ.. ..? എന്റെ പറമ്പില്‍ തൂറല്ലേ അവന്റെ പറമ്പില്‍ തൂറിക്കോ എന്ന മലയാളീ വിചാരമായിരുന്നോ സുകുമാര്‍ അഴീക്കോടിനെയും അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ചുമന്നു നടക്കുന്നവരെയും ഭരിക്കുന്നത്…? സൂചിമുനയില്‍ തുന്നല്‍ക്കാരന്‍…

[share]


സൂചിമുന / തുന്നല്‍ക്കാരന്‍.


ഒന്ന്..

[]നേരുകള്‍ മനസ്സില്‍ വിതക്കുന്ന എഴുത്തായിരുന്നു എം.എന്‍ വിജയന്‍ മാഷിന്റേത്. അദ്ദേഹം വാക്കുകള്‍ മനസ്സിലേക്ക് നടുകയും എത്രയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും അത് മനസ്സിന്റെ മണ്ണില്‍ പറ്റിപ്പിടിച്ച് വളരുകയും ചെയ്യുന്നതിന്റെ കാരണം ആ വാക്കുകളുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമായിരുന്നു.

വിജയന്‍ മാഷ് വി.എസിനെ വിശേഷിപ്പിച്ചത് “പരാജയം ഭക്ഷിച്ചു ജീവിക്കുന്നവന്‍ ” എന്നായിരുന്നു. ഒരു കമ്യൂണിസ്റ്റുകാരനു ഇതിലും മനോഹരമായൊരു വിശേഷണം നല്കാനുണ്ടാവില്ല. പരാജിതര്‍ക്കൊപ്പം ആയിരിക്കുന്നവനാണു കമ്യൂണിസ്റ്റ്. ദരിദ്രര്‍ക്കൊപ്പം ആയിരിക്കുന്നവനാണു കമ്യൂണിസ്റ്റ്… അപ്പോള്‍ പലപ്പോഴും പരാജയം ഉറപ്പാണു.. എന്നാല്‍ ആ പരാജയത്തെ ഊര്‍ജ്ജമാക്കി മാറ്റാനും മുന്നോട്ടുള്ള പ്രയാണത്തിനു ശക്തി പകരാനും ഉപയോഗിക്കുമ്പോള്‍ അത് ഏറ്റവും ധന്യമായൊരു കമ്യൂണിസ്റ്റ് പ്രവര്‍ത്തനമായി മാറും..! ഈ കഴിവാണു ഏതൊരു കമ്യൂണിസ്റ്റുകാരനും നേടേണ്ടതെന്നു വിജയന്മാഷ് കേരളത്തെ ഓര്‍മ്മിപ്പിക്കുകയായിരുന്നു…!

വി.എസിനെ പരാജയപ്പെടുത്താന്‍ വലിയൊരു നിരതന്നെയുണ്ട്. മുതലാളിത്തത്തിന്റെ ചട്ടുകങ്ങള്‍.. അവരുടെ ആശ്രിതര്‍.. നിരന്തരമായി വി.എസ് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഓരോ പരാജയത്തെയും വി.എസ് വിജയമാക്കി മാറ്റുന്നത് ശരിയായ കമ്യൂണിസ്റ്റുകാരന്റെ വഴിയിലൂടെയുള്ള സഞ്ചാരത്തിലൂടെയാണ്.

രണ്ട്..

sukumar-azhikode-faceകേരളത്തിലെ സാഗര ഗര്‍ജ്ജനമെന്നായിരുന്നു സുകുമാര്‍ അഴീക്കോടിനെ വിളിച്ചിരുന്നത്. പലപ്പോഴും അഴീക്കോട് കേരളത്തിന്റെ മണ്ണില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ വാക്കുകള്‍ക്ക് അപ്പുറത്തേക്ക് മനസ്സില്‍ പറ്റിപ്പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന വാക്കുകള്‍ അധികമൊന്നും അഴീക്കോട് പറഞ്ഞിട്ടില്ല… സാഗര ഗര്‍ജ്ജനം കടല്‍ തീരത്തു നിന്നും മടങ്ങുമ്പോള്‍ നഷ്ടമാവുകയും അപ്പോള്‍ മൂളുന്ന കാറ്റിന്റെ ശബ്ദം കേള്‍ക്കുകയുമായിരുന്നു പതിവ്…

പ്രസംഗം അപ്പോള്‍ ഉയരുന്ന കൈയ്യടികള്‍ക്കപ്പുറത്തേയ്ക്ക് കടക്കേണ്ടതുണ്ട്.. അങ്ങിനെ അത് മനസ്സിലേക്ക് കടന്നു ചെല്ലണമെങ്കില്‍ വാക്കുകള്‍ക്ക് അപ്പുറമുള്ള ആശയലോകത്തിലെ സത്യസന്ധതയും പ്രധാനമാണു.

വി.എസിനെ സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചത്.. “കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍” എന്നായിരുന്നു…അദ്ദേഹത്തിന്റെ ശത്രുക്കള്‍ പിന്നീട് ഇത് ആഘോഷപൂര്‍വ്വം കൊണ്ടു നടന്നു…

കമ്യൂണിസ്റ്റുകാരന്‍ അല്ലാത്ത കമ്യൂണിസ്റ്റ് ബോധമില്ലാതിരുന്ന അഴീക്കോട് മാഷ് നടത്തിയ ഏറ്റവും ഉജ്ജ്വലവും സത്യസന്ധവുമായ വിമര്‍ശനമായിരുന്നു അത്.. ആ വിമര്‍ശനം അജ്ഞതയില്‍ നിന്നുള്ള ഒരു ശരിയായിരുന്നു…

എങ്ങിനെയെന്നല്ലേ… ?

മൂന്ന്…

ഒരു കമ്യൂണിസ്റ്റുകാരന്‍ എവിടെയാണു വിമര്‍ശിക്കേണ്ടത്… ? പാര്‍ട്ടിക്കുള്ളില്‍… വിമര്‍ശനത്തെയാണു കാഷ്ഠിക്കല്‍ എന്നതിലൂടെ സുകുമാര്‍ അഴീക്കോട് പറയാന്‍ ശ്രമിച്ചത്…

കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍ എന്ന് വി.എസിനെ വിളിക്കുമ്പോള്‍ അതൊരു ആശ്ലേഷിക്കലാണു.. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടിക്കുള്ളീല്‍ ഏതൊരു സഖാവിനും ലഭ്യമാകുന്നുണ്ട്. അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലേ സുകുമാര്‍ അഴീക്കോടിന്റെ ഈ പ്രസ്താവനയെ കാണാന്‍ കഴിയൂ…

ബുദ്ധിജീവികളുടെ അജ്ഞതയാവും ചിലപ്പോള്‍ ചരിത്രമാവുക…!

പാര്‍ട്ടിക്കുള്ളീല്‍ പറയുന്ന അഭിപ്രായങ്ങളില്‍ മാലിന്യം ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളീല്‍ കെട്ടിക്കിടക്കാതെ പോകാനുള്ള സൗകര്യം പാര്‍ട്ടി അതിന്റെ െ്രെഡനേജ് സിസ്റ്റത്തില്‍ കൊണ്ടുവരികയാണു വേണ്ടത്… അല്ലാതെ ഒരു സഖാവിനോടും വിമര്‍ശിക്കരുതെന്ന് പറയാന്‍ പാടില്ല… !

പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കുന്നവരെല്ലാം പുറത്ത് പോയപ്പോള്‍… ധീരതയോടെ പാര്‍ട്ടിയെ ബാധിച്ച വലതുപക്ഷവ്യതിയാനത്തെയും മുതലാളിത്തത്തെയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ച വി.എസിനെ സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചപ്പോള്‍ അത് ഏറ്റവും നല്ലൊരു കമ്യൂണിസ്റ്റുകാരനു നല്കാവുന്ന വാക്കുകളായി അത് മാറി…

സ്വന്തം തൊടിയില്‍ മാലിന്യങ്ങള്‍ കുഴിച്ചിടുന്ന സംസ്‌ക്കാരത്തെ സുകുമാര്‍ അഴീക്കോട് എതിര്‍ക്കുകയായിരുന്നോ.. ..? എന്റെ പറമ്പില്‍ തൂറല്ലേ അവന്റെ പറമ്പില്‍ തൂറിക്കോ എന്ന മലയാളീ വിചാരമായിരുന്നോ സുകുമാര്‍ അഴീക്കോടിനെയും അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ചുമന്നു നടക്കുന്നവരെയും ഭരിക്കുന്നത്…?

മുറിക്കഷ്ണം.

ഇനിയും ഇനിയും ഞാന്‍ കമ്യൂണിസ്റ്റ് കൂട്ടില്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുമെന്ന് വി.എസ് പറയുമ്പോള്‍ ജനലക്ഷങ്ങള്‍ അതിനൊപ്പമുണ്ട്.. കാരണം കമ്യൂണിസ്റ്റ് ബോധം എന്നത് പാര്‍ട്ടിയുടെ മുന്‍ നേതാക്കളിലൂടെ ജനങ്ങളിലേക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്… അതിനാല്‍ കമ്യൂണിസ്റ്റുകാരന്റെ അഴികളുള്ള കൂടു പൊളിച്ച് മാര്‍ബിള്‍ തറയിട്ട് ഇവിടെ മിണ്ടിപ്പോകരുതെന്നു പറയുന്നവരോട് വി.എസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു… പോയി പണി നോക്കുക…

മരിക്കുന്നതുവരെ ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരിക്കും.. ഒരു കമ്യൂണിസ്റ്റിനു ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും…

സൂചിമുന…

പ്രത്യയശാസ്ത്രക്കൂട്ടിലാണു വി.എസ് നില്‍ക്കുന്നത്. ആ കൂട്ടില്‍ കയറാന്‍ കഴിയാത്തവര്‍ നിരന്തരം അലമുറയിടുന്നു… കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍ കൂട്ടില്‍ കാഷ്ഠിക്കുന്നവന്‍…

ബുദ്ധിജീവികളുടെ അജ്ഞതയാവും ചിലപ്പോള്‍ ചരിത്രമാവുക…!