Football
ഇതിഹാസങ്ങളുടെ നേട്ടത്തിനൊപ്പമെത്തി സണ്‍; ടോട്ടന്‍ഹാം വിജയവഴിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 11, 05:25 am
Monday, 11th December 2023, 10:55 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി ടോട്ടന്‍ഹാം ഹോട്‌സ്പര്‍. ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനായി സൂപ്പര്‍ താരം സണ്‍-ഹ്യൂങ് മിന്‍ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ഒരു ഗോള്‍ ആണ് താരം നേടിയത്. ഈ സീസണില്‍ സണ്‍ നേടുന്ന പത്താം ഗോളായിരുന്നു ഇത്.

ഈ ഗോള്‍ നേടിയതിന് പിന്നാലെ അവിസ്മരണീയമായ ഒരു നേട്ടത്തിലേക്കുമാണ് സണ്‍ നടന്നുകയറിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ട് സീസണില്‍ പത്ത് ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് സണ്‍ സ്വന്തം പേരിലാക്കിമാറ്റിയത്.

8 സീസണില്‍ 10+ഗോളുകള്‍ നേടിയ താരം, സീസണ്‍ എന്നീ ക്രമത്തില്‍

വെയ്ന്‍ റൂണി-11
ഫ്രാങ്ക് ലമ്പാര്‍ഡ്-10
സെര്‍ജിയോ അഗ്യൂറോ-9
ഹാരി കെയ്ന്‍-9
തിയറി ഒന്റ്‌റി-8
സാദിയോ മാനെ-8
സണ്‍ ഹ്യൂങ് മിന്‍-8

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 26ാം ഡെസ്റ്റിനി ഉഡോഗിയാണ് സ്പര്‍സിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. ബ്രസീലിയന്‍ സൂപ്പര്‍താരം റീച്ചാര്‍ലിസണ്‍ 38, 60 എന്നീ മിനിട്ടുകളില്‍ ഇരട്ട ഗോളും 80ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സണ്ണും ഗോള്‍ നേടിയതോടെ ടോട്ടന്‍ഹാം നാല് ഗോളിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം ഇഞ്ചുറി ടൈമില്‍ ജോലിന്റണ്ണിന്റെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസഗോള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയിക്കാന്‍ സ്പര്‍സിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ തകര്‍പ്പന്‍ വിജയം ലീഗിലെ മുന്നോട്ടുള്ള കുതിപ്പിന് വലിയ കരുത്താണ് ടീമിന് നല്‍കുക.

ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ ഡിസംബര്‍ 16ന് നോട്ടിം ഫോറസ്റ്റിനെതിരെയാണ് സ്പര്‍സിന്റെ അടുത്ത മത്സരം.

Content Highlight: Son heung min Create a record in English primeire league.