ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റിലേക്ക് മലയാളിയായ ലേബര്‍ പാര്‍ട്ടി നേതാവ് സോജന്‍ ജോസഫും. ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് നേതാവും ഡെപ്യൂട്ടി പ്രധാനമന്ത്രി പദവി വഹിച്ചിട്ടുമുള്ള ഡാമിയന്‍ ഗ്രീനിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്.
ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിട്ടത്. പാര്‍ട്ടിയുടെ കുത്തക സീറ്റായിരുന്ന ആഷ്ഫോര്‍ഡ് ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വെട്ടിലാക്കി.
കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്. കുത്തക മണ്ഡലത്തിലെ വിജയത്തില്‍ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തന്നെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി അറിയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള എതിർപ്പാണ് ലേബര്‍ പാര്‍ട്ടിയെയും തന്നെയും തുണച്ചതെന്നും സോജന്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ സാമ്പത്തിക നയം, കൊവിഡ് സമയത്ത് സ്വീകരിച്ച നിലപാട്, ഉക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയെന്നും സോജന്‍ ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ എത്തുന്നവരുടെ പ്രതിനിധിയായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് എത്തുന്ന ആദ്യ മലയാളി കൂടിയാണ് സോജന്‍ ജോസഫ്. നഴ്സിങ് ജോലിക്കായിട്ടാണ് സോജൻ ജോസഫ് ബ്രിട്ടനിലെത്തിയത്.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് രാജ്യത്ത് ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.