തിരുവനന്തപുരം: കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കവിതാ രചന നിര്‍ത്തുകയാണെന്ന് ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ്. കവിതകള്‍ വളച്ചൊടിച്ച് അഞ്ച് വര്‍ഷം വരെ തടവുകിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഈ വിജയദശമി ദിനത്തില്‍ കവിതാരചന നിര്‍ത്തുകയാണെന്ന് സോഹന്‍ റോയ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവസാനമായി എഴുതിയ കവിതയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വരാന്‍ പോകുന്ന സോഷ്യല്‍ മീഡിയ നിയമത്തില്‍ പ്രതിഷേധിച്ച്, വര്‍ത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവര്‍ഷമായി ദിവസേനയെന്നോണം തുടര്‍ച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാന്‍ ഈ വിജയദശമി നാളില്‍ നിര്‍ത്തുന്നു.
നിയമത്തിന്റെ വാള്‍ പിന്നിലുയരുമ്പോള്‍ ആനുകാലിക വിഷയങ്ങളില്‍ പ്രതികരിച്ചെഴുതുന്ന അണുകവിതകള്‍ വളച്ചൊടിയ്ക്കപ്പെട്ട് അഞ്ചു വര്‍ഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം.
നിയമക്കുരുതി
കയ്യാമമിട്ടെന്റെ കണ്ണുകള്‍ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോള്‍
കത്തിപ്പടരാത്ത തൂലികവര്‍ഗ്ഗത്തിന്റെ
കല്ലറക്കെട്ടില്‍ തീരട്ടണുകാവ്യവും ….
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളില്‍ പരാതിക്കാരില്ലെങ്കില്‍ പോലും പൊലീസിന് നേരിട്ട് കേസെടുത്ത് പരമാവധി അഞ്ച് വര്‍ഷം വരെ തടവും, പതിനായിരം രൂപവരെ പിഴയും ഒടുക്കേണ്ട ശിക്ഷയാക്കുന്ന ഓഡിനന്‍സാണ് ഒക്ടോബര്‍ 22ന് കേരള സര്‍ക്കാര്‍ കൊണ്ടുവന്നത്.
സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യത്തിന് തടയിടാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.