‘കഥവീട്’ എന്ന അന്തോളജി മൂവിയിലേക്ക് താന്‍ ആദ്യം ആഗ്രഹിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ സോഹന്‍ ലാല്‍. ബിജു മേനോന്‍ ചെയ്ത കഥാപാത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോഹന്‍ ലാല്‍.
‘ജീവിതത്തില്‍ ലഭിക്കുന്ന ചില അവസരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ പറ്റിയോയെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാന്‍ ‘കഥവീട്’ എന്ന സിനിമയുടെ സമയത്ത് മമ്മൂക്കയെ ഒരു തവണ പോയി കണ്ടിരുന്നു. അതില്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രത്തെ ചെയ്യാന്‍ ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.
അതായത് മാധവികുട്ടിയുടെ നെയ്പായസത്തിലെ ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടി വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. മമ്മൂക്ക അന്ന് ഷാജി കൈലാസിന്റെ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ടെക്നോപാര്‍ക്കിലെ ലൊക്കേഷനിലായിരുന്നു. അന്ന് ആ സിനിമയുടെ കാര്യം സംസാരിക്കാനായി ഞാന്‍ നേരെ ടെക്നോപാര്‍ക്കിലേക്ക് പോയി. മമ്മൂക്ക എന്നോട് അന്ന് വളരെ നന്നായിട്ടാണ് പെരുമാറിയത്.
എന്നാല്‍ കഥ കേട്ട് കഴിഞ്ഞതും മമ്മൂക്ക ആ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് പറഞ്ഞത്. ‘ഞാനിപ്പോള്‍ കേരള കഫേയെന്ന ഒരു സിനിമ ചെയ്തിട്ടേയുള്ളു. ഇത്തരത്തില്‍ പത്തു സിനിമകളില്‍ ഒന്നാണ് ഇതും. അതുകൊണ്ട് നീ മറ്റൊരു പടം പ്ലാന്‍ ചെയ്തിട്ട് വരൂ,’വെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്ക അന്ന് പറഞ്ഞത് ഇപ്പോഴും എന്റെ മനസിലുണ്ട്.
എന്നാല്‍ എനിക്ക് ഇന്നുവരെ അങ്ങനെയൊരു സിനിമക്കുള്ള കഥ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഇനി ഞാന്‍ എന്നെങ്കിലും ഒരു കഥ പറയാന്‍ ചെന്നാല്‍ അത് മമ്മൂക്കക്ക് ഇഷ്ടപ്പെടുന്നതാകണം എന്നുണ്ട്. അന്നത്തെ സിനിമക്ക് ശേഷം എന്റെ മുന്‍ഗണനകള്‍ വേറെയായി പോയത് കൊണ്ടാകണം മമ്മൂക്കയുമായി ഒരു സിനിമ നടക്കാതിരുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ സോഹന്‍ ലാല്‍ പറഞ്ഞു.
Content Highlight: Sohan Lal Talks About Kathaveedu