Entertainment news
'ഭരതനില്‍ നിന്നും എം.ടി യെ പോലൊരു നായരില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, വൈശാലി റിമൂവ് ചെയ്യണം'; ട്രോള്‍മഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 16, 11:19 am
Friday, 16th December 2022, 4:49 pm

ഷാരൂഖ് ഖാനും ദീപിക പദുക്കോണിന്റെയും പുതിയ ചിത്രമാണ് പത്താന്‍. സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

കാണുന്ന എല്ലാത്തിലും വികാരം വൃണപ്പെടുന്ന ഇത്തരം ഹിന്ദുത്വ പ്രൊഫൈലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ശക്തമാണ്. മോളിവുഡിലെ മൂവി ഗ്രൂപ്പുകളിലാണ് ഇത്തരം ട്രോളുകളും ചര്‍ച്ചകളും പ്രത്യക്ഷപ്പെടുന്നത്.

ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രം യൂട്യൂബില്‍ നിന്നും റിമൂവ് ചെയ്യണമെന്നാണ് അത്തരത്തില്‍ രസകരമായ ഒരു ട്രോള്‍. ചിത്രത്തില്‍ സുപര്‍ണ ആനന്ദ് ധരിച്ച വസ്ത്രങ്ങളുടെ ചിത്രവും പത്താനിലെ ചിത്രങ്ങളും താരതമ്യം ചെയ്തും പോസ്റ്റുകള്‍ സജീവമാണ്.

വൈശാലി 1989ല്‍ ഇറങ്ങിയത് നന്നായി ഇപ്പോഴാണ് ഇറങ്ങുന്നതെങ്കില്‍ ഭരതനെയും തിരക്കഥ എഴുതിയ എം.ടിക്കതിരെയും കേസ് എടുക്കുമായിരുന്നുവെന്നാണ് ഇത്തരം ചര്‍ച്ചകളില്‍ പറഞ്ഞ് വെക്കുന്നത്.

ചിത്രത്തിലെ ഇന്ദ്രനീലിമയോലും എന്ന ഗാനത്തിന് ഒരുപാട് ഫാന്‍സുണ്ട്. വരികള്‍ കൊണ്ടും ദൃശ്യമനോഹാരിത കൊണ്ടും ഈ ഗാനം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയമുള്ളതാണ്.

സംവിധായകന്‍ ഭരതനില്‍ നിന്നും എം.ടിയെ പോലൊരു നായരില്‍ നിന്നും ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ലെന്നും ഇപ്പോള്‍ ചിലര്‍ ട്രോളുകള്‍ ഇറക്കുന്നുണ്ട്. ചിത്രത്തില്‍ വെശാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുപര്‍ണ ആനന്ദ് സിനിമയിലെ ചില രംഗങ്ങളില്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ്.

ബേഷരം രംഗ് എന്ന പാട്ടില്‍ ദീപിക ധരിച്ചതിന് സമാനമായ വസ്ത്രങ്ങളാണ് വൈശാലിയില്‍ സുപര്‍ണ ധരിച്ചത്. രണ്ട് ചിത്രങ്ങളും പോസ്റ്റു ചെയ്തു കൊണ്ടാണ് രസകരമായ ഇത്തരം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും നടക്കുന്നത്.

ഷാരൂഖിനെ പോലുള്ളവര്‍ ദീപികയെ കൂട്ട് പിടിച്ച് കാണിക്കുന്ന പേക്കൂത്തുകള്‍ക്ക് എത്രയോ മുന്‍പ് സിനിമകളില്‍ ഇതൊക്കെ ആരംഭിച്ചിട്ടുണ്ടെന്നാണ് പോസ്റ്റുകള്‍. നമ്മള്‍ ഉണരാന്‍ താമസിച്ചു,അല്ലെങ്കില്‍ ബുദ്ധി വെയ്ക്കാന്‍ താമസിച്ചു എന്നതാണ് സത്യമെന്നാണ് പരിഹാസ രൂപേണ ഇവര്‍ക്ക് പറയാനുള്ളത്.

ഇപ്പോഴാണ് വൈശാലി റിലീസ് ചെയ്യുന്നതെങ്കില്‍ വൈശാലിയുടെയും ഋഷിശ്രിങ്കന്റെയും കാര്യത്തില്‍ ഒരു തീരുമാനമായേനെ എന്നത് വസ്തുതയാണെന്നുമുള്ള പോസ്റ്റുകളും സജീവമാണ്. ഒരുപാട് ഇറോട്ടിക് രംഗങ്ങളുള്ള ചിത്രത്തില്‍ കാവി വസ്ത്രങ്ങളാണ് കൂടുതല്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുപേരും ഹിന്ദു നായകനും നായികയുമാണല്ലോ, അതുകൊണ്ട് കുഴപ്പമില്ലെന്നാണ് ചില കമന്റുകള്‍.

പത്താനില്‍ കാവി വസ്ത്രം ധരിച്ച് അഭിനയിച്ച ദീപികയുടെ കോലങ്ങള്‍ കത്തിക്കുന്നില്ല പകരം ഷാരുഖിനെതിരെ മാത്രം ഉയരുന്ന പ്രതിഷേധങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്ന തരത്തിലുള്ള കമന്റുകളും സര്‍ക്കാസ്റ്റിക് പോസ്റ്റുകളില്‍ സീരിയസ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നുണ്ട്.

content highlight: social media trolls on vaisali and pathan movie