പൊങ്കാല ദിവസം തുറന്ന ജീപ്പില്‍ മുന്‍ രാജ കുടുംബം; രാജ്ഭവനപ്പുറം പോവാതിരുന്നത് അയ്യങ്കാളിയുണ്ടായത് കൊണ്ടെന്ന് സോഷ്യല്‍ മീഡിയ
Kerala News
പൊങ്കാല ദിവസം തുറന്ന ജീപ്പില്‍ മുന്‍ രാജ കുടുംബം; രാജ്ഭവനപ്പുറം പോവാതിരുന്നത് അയ്യങ്കാളിയുണ്ടായത് കൊണ്ടെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 4:34 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം തുറന്ന ജീപ്പില്‍ നടത്തിയ യാത്രയെയും ഇത് വലിയ വാര്‍ത്തയാക്കിയ മാധ്യമങ്ങളേയും ട്രോളി സോഷ്യല്‍ മീഡിയ. രാജ കാലം ഒക്കെ കഴിഞ്ഞ് കാലം കുറേയായിട്ടും ഈ ആരാധന നിര്‍ത്താനായില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

‘പൊങ്കാല; ആശംസകളുമായി തുറന്ന ജീപ്പില്‍ രാജ കുടുംബം’ എന്ന തലക്കെട്ടില്‍ മാതൃഭൂമി പത്രത്തില്‍ ചിത്രം സഹിതം വന്ന മൂന്ന് കോളം വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

‘യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി’ എന്ന ക്യാപ്ഷന്‍ വെച്ച് സമൂഹത്തെ പിന്നോട്ട് നടത്തിക്കുന്ന പണിയാണ് മാതൃഭൂമി ചെയ്യുന്നതെന്നാണ് ഈ വാര്‍ത്ത പങ്കുവെച്ച് ഒരാള്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ എഴുതിയത്.

‘തിരുവനന്തപുരം രാജ്യത്തെ മഹാറാണിയും രായ കുമാരനും ഏഴ് കുതിരകളെ പൂട്ടിയ രായരഥം വര്‍ക് ഷോപ്പിലായതിനാല്‍ തല്‍ക്കാലം ജീപ്പ് വെച്ച് നാട് തോറും പൊങ്കാല കാണാനിറങ്ങിയ വാര്‍ത്ത രായഭരണത്തിന്റെ യഥാര്‍ത്ഥ പത്രം നമ്മക്ക് കാണിച്ചു തന്നതില്‍ അടിയന്‍ കൃതാര്‍ത്ഥനായിരിക്കുന്നു രായ മാതാവേ… രായ കുമാരാ….

പഴ ഓര്‍മയില്‍ മുലക്കരം കൂടി പിരിക്കാന്‍ പെരുമ്പറ കൊട്ടി വിളംബരം മുഴക്കണം… അത് കൊടുക്കാനും മിനിയാന്ന് ഇഷ്ടിക പൊട്ടിച്ച വര്‍ഗം ഉണ്ടാവും..
പിന്നോട്ട് നടത്തിക്കുന്ന യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി,’ ഷാജി മുള്ളൂക്കാരന്‍ എഴുതി.

‘കവടിയാറിലെ രാജ കുടുംബത്തിന്റെ വീട്ടില്‍ നിന്ന് രാജ്ഭവന്‍ വരെ തുറന്ന ജീപ്പില്‍ യാത്ര ചെയ്തു’ എന്ന മാതൃഭൂമി വാര്‍ത്തയിലെ തന്നെ ഒരു വാചകം എടുത്തുപറഞ്ഞായിരുന്നു രാം കുമാര്‍ എസ്. എന്ന പ്രൊഫൈലിന്റെ പരിഹാസം.

‘തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം ആറ്റുകാല്‍ പൊങ്കാല ദിവസം കവടിയാറിലെ അവരുടെ വീട്ടില്‍ നിന്നും രാജ്ഭവന്‍ വരെ തുറന്ന ജീപ്പില്‍ യാത്ര ചെയ്തു എന്ന്.

അതെന്തുകൊണ്ടാ അതിനപ്പുറത്തേക്ക് പോകാത്തത് എന്ന് അറിയോ?
അവിടെ അയ്യങ്കാളി നില്‍പ്പുണ്ട്,’ എന്നാണ് രാം കുമാര്‍ പറഞ്ഞത്.

വിഷയത്തില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നാണ് രാം കുമാറിന്റെ പോസ്റ്റ് പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്റെ പ്രതികരണം.

ആറ്റുകാല്‍ പൊങ്കാല ദിവസം മുന്‍ രാജ കുടുംബത്തിലെ തലമുറയില്‍ പെട്ടവരായി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും മകന്‍ ആദിത്യ വര്‍മയുമാണ് തുറന്ന ജീപ്പില്‍ യാത്ര ചെയ്തിരുന്നത്.