ഇത് 'ആദരാഞ്ജലി നേരട്ടെ' അല്ലേ? കന്നഡ ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
Entertainment
ഇത് 'ആദരാഞ്ജലി നേരട്ടെ' അല്ലേ? കന്നഡ ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st January 2024, 3:47 pm

നവാഗതനായ അഭിജിത് മാധവ് സംവിധാനം ചെയ്ത കന്നഡ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ദിഗന്ത്, അച്യുത് കുമാര്‍, യോഗി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജനുവരി 24ന് റിലീസായ സിനിമക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ഹിറ്റായതിനു പിന്നാലെ അതിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സിനിമയിലെ വാണിങ് എന്ന ഗാനത്തെ ചൊല്ലിയാണ് ചര്‍ച്ചകള്‍.

പോയ വര്‍ഷം മലയാളത്തില്‍ ഹിറ്റായ രോമാഞ്ചം എന്ന സിനിമയിലെ ആദരാഞ്ജലി എന്ന പാട്ടുമായുള്ള സാമ്യമാണ് വാണിങ്ങിനുള്ളത്. ഒരു മാസം മുമ്പ് യൂട്യൂബില്‍ അപ്‌ലോഡായ പാട്ടിന്റെ കമന്റ് ബോക്‌സില്‍ ആദരാഞ്ജലി എന്ന പാട്ടിന്റെ കോപ്പിയാണെന്ന് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. അര്‍ജുന്‍ രാമുവാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ സംഗീതം. പാട്ടിന്റെ ക്രെഡിറ്റില്‍ രോമാഞ്ചം ടീമിന്റെ പേരും അണിയറപ്രവര്‍ത്തകര്‍ വെച്ചിട്ടില്ല. സുഷിന്‍ ശ്യാമാണ് രോമാഞ്ചത്തിന്റെ സംഗീത സംവിധായകന്‍.

ഇതുമായി ബന്ധപ്പെട്ട് രണ്ട് സിനിമയുടെയും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ് കാന്താര എന്ന കന്നഡ സിനിമയിലെ പാട്ടിനെ ചൊല്ലിയും വിവാദമുണ്ടായിരുന്നു. തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിന്റെ നവരസ എന്ന പാട്ടിന്റെ കോപ്പിയാണ് കാന്താരയിലെ വരാഹരൂപം എന്ന ഗാനമെന്നായിരുന്നു വിവാദം.

പോയ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി, ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു രോമാഞ്ചത്തിലെ പ്രധാന താരങ്ങള്‍. ബാംഗ്ലൂരില്‍ ഒരുമിച്ച് താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ കഥയായിരുന്നു രോമാഞ്ചത്തിന്റേത്.

Content Highlight: Social media discussion on Kannada song Warning is the copy of song from Romancham movie