Entertainment
പൃഥ്വിയായതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല, ബാക്കിയുള്ള നാല് ക്യാരക്ടര്‍ പോസ്റ്ററില്‍ നാലാമാനാരെന്ന് തല പുകഞ്ഞാലോചിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 25, 04:30 am
Tuesday, 25th February 2025, 10:00 am

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലൂസിഫറിന്റെ തുടര്‍ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ച് യാതൊരു സൂചനയും പുറത്തുവിടാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ ക്യാമ്പയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ട് കഥാപാത്രങ്ങള്‍ എന്ന കണക്കില്‍ 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഇതിനോടകം 32 കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കഴിഞ്ഞു.

ലൂസിഫറിലെ ചില കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ആര്‍ട്ടിസ്റ്റുകളും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിലൂടെ പരിചിതനായ ജെറോം ഫ്‌ളിന്‍ ആണ് ഇതില്‍ പ്രധാനി. ഇനി വെറും നാല് ക്യാരക്ടര്‍ പോസ്റ്റര്‍ മാത്രമാണ് പുറത്തുവിടാനുള്ളത്.

മഞ്ജു വാര്യറാണ് 32ാമത്തെ കഥാപാത്രമായി വന്നത്. ലൂസിഫറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു മഞ്ജു അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ്. ഇനി ബാക്കിയുള്ള നാല് പേര്‍ ആരൊക്കെയാകുമെന്നുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. ടൊവിനോയുടെ ജതിന്‍ രാംദാസ്, പൃഥ്വിരാജിന്റെ സയീദ് മസൂദ്, മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി aka ഖുറേഷി എബ്രാം എന്നിവരാകും മൂന്ന് പേരെന്ന് ഇതിനോടകം പലരും അനുമാനിക്കുന്നുണ്ട്.

എന്നാല്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെക്കുന്ന നാലാമന്‍ ആരാകുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് പല സിനിമാഗ്രൂപ്പുകളും. ജെറോം ഫ്‌ളിന്നിനെപ്പോലും വളരെ സാധാരണമായി പരിചയപ്പെടുത്തിയ പൃഥ്വി ഒളിപ്പിച്ചുവെക്കുന്ന നാലാമന്‍ ആരാകുമെന്ന ചര്‍ച്ചയില്‍ പല പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. കൊറിയന്‍ സൂപ്പര്‍സ്റ്റാര്‍ മാ ഡോങ് സിയോക് ആകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ മലയാളസിനിമയുടെ ബജറ്റിന് മാ ഡോങ് സിയോകിനെ കൊണ്ടുവരുന്നത് സാധ്യമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അര്‍ജുന്‍ ദാസ്, വിദ്യുത് ജംവാല്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ക്യാരക്ടര്‍ റിവീലിങ് ക്യാമ്പയിനിലൂടെ സിനിമയുടെ ഹൈപ്പ് കൂട്ടുക എന്ന അണിയറപ്രവര്‍ത്തകരുടെ തന്ത്രം വിജയം കണ്ടെന്ന് വേണം പറയാന്‍.

മലയാളസിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തിലധികം നീണ്ടുനിന്ന ഷൂട്ടാണ് എമ്പുരാന്റേത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ദേവ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത് വാസുദേവാണ്. ആശീര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Social Media discussion going on about the character posters of Empuraan