കോഴിക്കോട്: സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ ചെറുകഥയായ ബിരിയാണി സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഇതാദ്യമായാണ് അച്ചടിച്ചുവന്ന ഒരു കഥയ്ക്ക് സോഷ്യല്‍മീഡിയയില്‍ വയനക്കാരുടെ പ്രശംസയും പുകഴ്ത്തലും ഇത്രയേറെ ലഭിക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിലാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെന്ന കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദാരിദ്ര്യം, ദൂര്‍ത്ത് എന്നീ ധ്രുവങ്ങളെ ഒറ്റ ക്യാന്‍വാസിലേക്ക് വരച്ചു ചേര്‍ത്തപ്പോള്‍ വായനക്കാരന്റെ മനസ്സിനെ ചെറുതായെങ്കിലുമൊന്ന് പിടപ്പിക്കുന്ന കഥാന്ത്യം ഇതിന് കൈവന്നു.
നിത്യവും നാം കാണുന്ന പലരിലും ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന തോന്നലുളവാക്കുന്ന ആഖ്യാനം കഥയെ ചേര്‍ത്തുവെയ്ക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു. ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് കഥയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കമന്റിടുന്ന മിക്കവരും ചൂണ്ടിക്കാട്ടുന്നത്.
സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ അവിസ്മരണീയമായ ഒന്നാണ്. കൊമാലയ്ക്കു ശേഷം ഇത്ര ഹൃദയസ്പര്‍ശ്ശിയായ ഒരു കഥ വായിച്ചിട്ടില്ലെന്നാണ് ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരിഷ് വാസുദേവന്റെ കമന്റ്.
കഥയാണ് മലയാളത്തിലെ ഏറ്റവും ശക്തമായ മാധ്യമമെന്ന് ഒരിക്കല്‍ സന്തോഷ് ഏച്ചിക്കാനം പ്രസംഗിച്ചത് ഞാന്‍ കേട്ടിരുന്നു. അത് തര്‍ക്കമറ്റ പ്രസ്താവനയായി മാറുകയാണ് സന്തോഷിന്റെ ഏറ്റവും പുതിയ കഥയായ “ബിരിയാണി” യിലൂടെ. പന്തിഭോജന”ത്തിനും “കൊമാല”യ്ക്കും ശേഷം സന്തോഷില്‍ നിന്നുണ്ടായ ഏറ്റവും ശക്തമായ സാമൂഹിക സംവേദനം. ഹൃദയത്തിന്റെ അടിത്തട്ടില്‍ തീക്കട്ട വീഴുന്ന അനുഭവം. സുഹൃത്തും സഹനാട്ടുകാരനുമായ ഏച്ചിക്കാനം കഥാകാരനു നന്ദിയറിച്ചാണ് മനോരമ ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്റെ കുറിപ്പ്.
നിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ് ഈ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തെ പ്രശംസിച്ചതിനൊപ്പം കൂട്ടിച്ചേര്‍ത്ത വരികളാണിവ; ബസ്മതി അരിയുടെ വിനിമയവും ഉപയോഗവും അതിനു പിറവിനല്‍കിയ കൃഷിക്കാരില്‍നിന്ന് ഏറെ അകലെയാണ്. മോഹിപ്പിക്കുന്ന മണമുണ്ട് അതിന്. പിടിച്ചുപറിക്കപ്പെട്ടവളാണ് ബസ്മതി. ഗോപാല്‍ യാദവിന്റെ മകളുടെ പേരും അതുതന്നെ. വലിയ കുഴിവെട്ടി, വീപ്പകളിലെത്തിയ ബിരിയാണി അവശിഷ്ടങ്ങള്‍ ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടുമ്പോള്‍ അതിലെ ബസ്മതി നിലവിളിക്കുന്നത് അയാള്‍ കേട്ടു. വിശന്നു മരിച്ച ബസ്മതിയും ധൂര്‍ത്തലോകം ചവിട്ടിയാഴ്ത്തുന്ന ബസ്മതിയും വെറുമൊരു ഉപകരണമായി നീറുന്ന ഗോപാല്‍ യാദവും സമകാലിക ഇന്ത്യന്‍ ദുരന്തമായി നമ്മെ ഭയപ്പെടുത്തുന്നു.
സന്തോഷ് ഏച്ചിക്കാനം ഒക്കെയുള്ളപ്പോള്‍ നമ്മളെന്തിനു പഴയ കഥാകാരന്‍മാരെക്കുറിച്ചും കഥയെക്കുറിച്ചും ഗ്രിഹാതുരര്‍ ആവണം. ബിരിയാണി ഒരു കഥയല്ല ഒരു നൂറ്റമ്പത്കഥയാണെന്നായിരുന്നു അട്ടപ്പാടി സ്വദേശി തോമസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സാഹിത്യകാരന്‍ മാര്‍ക്ക് പ്രതേകിച്ചും കഥയെഴുത്തുകാര്‍ക്കു എഴുതാന്‍ ആശയ ദാരിദ്ര്യം കാണുന്ന ഒരു കാലഘട്ടമാണ് ഇത്. അതുകൊണ്ടു കഥയുടെ സാങ്കേതികതയിലാണ് അവരുടെ പിടുത്തം. പിന്നെ വലിയ കഥാകാരനെന്ന നാട്യം. നഗരത്തിലെ ഗലികള്‍ പോലെ വായനക്കാരനെ ആശയകുഴപ്പത്തിലാക്കാക്കുന്ന വഴികള്‍ ഇതുകൊണ്ടെല്ലാം ആളുകള്‍ കഥ വായിക്കുന്ന പതിവ് നിര്‍ത്തി. പക്ഷെ എനിക്കത് തിരുത്തി പറയേണ്ടി വരുന്നത് സന്തോഷ് ഏച്ചിക്കാനം പോലുള്ളവര്‍ കഥയെഴുതുമ്പോള്‍ ആണെന്നായിരുന്നു ബിരിയാണിയുടെ കഥാസഞ്ചാരത്തെ പറ്റി കൃഷ്ണദാസ് വല്‍സന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഗള്‍ഫില്‍ ജീവിക്കുന്ന കാലത്തു അവിടത്തെ ഗാര്‍ബേജുകളില്‍ നിക്ഷേപിക്കുന്ന സമ്പന്നമായ ഭക്ഷണം കണ്ടു ഞാന്‍ വിസ്മയിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഗാര്‍ബേജുകളിലും ആ സമ്പന്നതയുടെ സമൃദ്ധമായ അവശിഷ്ടങ്ങള്‍ ഞാന്‍ കണ്ടെത്താറുണ്ട്. കാലം മാറിയയിരിക്കുന്നു! ഗള്‍ഫ് പണത്തിന്റെ പിന്തുടര്‍ച്ചാവകാശക്കാരന്‍, അമിതമായ ഗവര്‍മെന്റ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടങ്ങി എങ്ങിനെ ധനം ചിലവഴിക്കണം എന്ന് വിഷമിക്കുന്ന ഒരു സമ്പന്നവര്‍ഗം ഉണ്ട്. രാഷ്ട്രീയത്തിലും ഈ ധനം വന്നു കുമിഞ്ഞു കൂടിയിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ വന്നു പണിയെടുക്കുന്ന ഗോപാല്‍ യാദവ് എന്ന കഥാപാത്രം ഇപ്പോഴും പ്രേംചന്ദിന്റെ കഥകളിലെ വെറും പട്ടിണിക്കാരനാണ്. ഇന്നും പ്രേംചന്ദിന്റെ കഥകള്‍ വായിക്കുമ്പോള്‍ എന്റെ ഹൃദയത്തിന്റെ താളമിടിപ്പു ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സന്തോഷിന്റെ കഥ വായിച്ചപ്പോഴും എന്റെ താളമിടുപ്പുകള്‍ കൂടി വന്നു. നന്ദി , സന്തോഷ്, ഈ കഥ എന്നെ സന്തോഷിപ്പിക്കുകയും, ദുഃഖിപ്പിക്കുകയും ചെയ്തു, കൃഷ്ണദാസ് വല്‍സന്‍ കൂട്ടിച്ചേര്‍ത്തു.
ചില ബിരിയാണി പള്ള നിറയ്ക്കും. ചില ബിരിയാണി പള്ളേം മനസ്സും നിറയ്ക്കും. ചിലതു വയറ്റില്‍ വേദനയുണ്ടാക്കും. ഒയപ്പ് കിട്ടി തിരിഞ്ഞും മറഞ്ഞും ലേശം നേരം അതങ്ങനെണ്ടാകും( നീണ്ടു നിക്കൂല… നിര്‍ത്തിക്കൂല!) ആ ലാസ്റ്റിലത്തെ ബിരിയാണിയാണ് ഇപ്രാവശ്യത്തെ മാതൃഭൂമിയില്‍ സന്തോഷ് ഏച്ചിക്കാനം എഴുതിയ കഥയെന്നാണ് മലയാള മനോരമ സബ്എഡിറ്റര്‍ ശിവന്‍ എടമണ്ണ ഫേസ്ബുക്കില്‍ കുറിച്ചത്.
എത്രയോ കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ക്കു മീതെയാണ് നാം പലപ്പോഴും നമ്മളെ തന്നെ മണ്ണിട്ട് മൂടിയിരുന്നത്. അടുത്ത കാലത്തു വായിച്ചതില്‍ മികച്ചതെന്നാണ് ബിരിയാണിയെ പറ്റി ബിജാസ് അറക്കല്‍ കുറിച്ചത്.
കഥയുടെ അവസാന ഭാഗത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യം തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചാണ് ആലപ്പുഴ സ്വദേശി വിഷ്ണു റാം ബിരിയാണിയെ പ്രശംസിച്ചത്.
ഇത്തരത്തില്‍ നൂറിലേറെ കമന്റുകളാണ് ബിരിയാണിയെ പറ്റി സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്.