ന്യൂദല്‍ഹി: പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാരത് വികാസ് സംഘം നേതാവും മുന്‍ ആര്‍.എസ്.എസ് പ്രചാരകുമായ കെ.എന്‍. ഗോവിന്ദാചാര്യ. അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു.
ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗോവിന്ദാചാര്യ 2019 ല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചിരുന്നു.
പെഗാസസ് നിര്‍മ്മിച്ച എന്‍.എസ്.ഒ ഗ്രൂപ്പിനും, വാട്സാപ്പിനും, ഫേസ്ബുക്കിനുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തണമെന്നായിരുന്നു ഗോവിന്ദാചാര്യയുടെ ആവശ്യം.
ഇന്ത്യയില്‍ പെഗാസസിന്റെ ഉപയോഗത്തിന്റെ വ്യാപ്തിയും അതിന് ഉത്തരവാദികളായ സ്ഥാപനങ്ങളും കണ്ടെത്തുന്നതിന് ന്യായവും നിഷ്പക്ഷവും ഉത്തരവാദിത്തമുള്ളതുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പുതിയ അപേക്ഷ.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം കേന്ദ്രം കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്.
രണ്ട് പേജ് സത്യവാങ്മൂലമാണ് ഐ.ടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ചത്.
സ്ഥാപിതമായ താല്‍പര്യങ്ങള്‍കൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും, ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനും ഈ മേഖലയിലെ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണെന്നും ആ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ് ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കാറുള്ളുവെന്ന് എന്‍.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. എന്നാല്‍ പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.