ഇരുപതാം നൂറ്റാണ്ടിന് തുടര്‍ച്ച വേണ്ടെന്ന് ഞാന്‍ പറഞ്ഞു; അമല്‍ നീരദിന്റെ നിര്‍ബന്ധമായിരുന്നു ആ സിനിമ: എസ്.എന്‍. സ്വാമി
Film News
ഇരുപതാം നൂറ്റാണ്ടിന് തുടര്‍ച്ച വേണ്ടെന്ന് ഞാന്‍ പറഞ്ഞു; അമല്‍ നീരദിന്റെ നിര്‍ബന്ധമായിരുന്നു ആ സിനിമ: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 10:53 am

എസ്.എന്‍. സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. 1987ല്‍ മോഹന്‍ലാല്‍ ആദ്യമായി സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇത്.

പിന്നീട് 2009ല്‍ അമല്‍ നീരദ് മോഹന്‍ലാലിനെ നായകനാക്കി ഈ സിനിമയുടെ തുടര്‍ച്ചയായി സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമ ചെയ്തു. ഈ സിനിമക്കും എസ്.എന്‍. സ്വാമിയായിരുന്നു തിരക്കഥയൊരുക്കിയത്.

ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് സിനിമയെ കുറിച്ചും അമല്‍ നീരദിനെ കുറിച്ചും സംസാരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ താന്‍ ഇടപെടാറില്ലെന്നും അയാള്‍ വലിയ എക്സ്പേര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ആളുകള്‍ സാഗര്‍ ഏലിയാസ് ജാക്കിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ സ്‌മെല്‍ ഇല്ലെന്ന് പറഞ്ഞിരുന്നെന്നും താന്‍ ആ സിനിമ വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും എസ്.എന്‍. സ്വാമി പറയുന്നു.

‘അമല്‍ നീരദിന്റെ ഡയറക്ഷനില്‍ ഞാന്‍ ഇടപെടാറില്ല. കാരണം അവര്‍ നമ്മളെക്കാള്‍ എക്‌സ്‌പേര്‍ട്ടാണ്. അവര്‍ക്ക് പറ്റിയ കഥ കൊടുക്കുക എന്നല്ലാതെ ഡയറക്ഷന്റെ കാര്യത്തില്‍ ഇടപെടാറില്ല.

പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ അമല്‍ എന്നോട് ചോദിക്കാറുണ്ട്. ഇങ്ങനെ മതിയോ, മാറ്റി ചെയ്യണോ എന്നൊക്കെ ചോദിക്കും. അമല്‍ നീരദുമായി അങ്ങനെ തര്‍ക്കമൊന്നും ഉണ്ടായിട്ടില്ല.

പക്ഷേ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഒരുപാട് ആളുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആ സ്‌മെല്‍ സാഗര്‍ ഏലിയാസ് ജാക്കിക്ക് ഇല്ലെന്ന് പറഞ്ഞു. ഞാന്‍ സത്യത്തില്‍ ആ സിനിമ വേണ്ടെന്ന് പറഞ്ഞതാണ്. അമലിന്റെ നിര്‍ബന്ധമായിരുന്നു ആ കഥ.

ജയിലില്‍ പോയ ആളാണ് സാഗര്‍. മന്ത്രിയുടെ മകനെ ഓപ്പണായി എല്ലാവരുടെയും മുന്നില്‍ വെച്ച് കൊന്നിട്ടാണ് ജയിലില്‍ പോയത്. അങ്ങനെ ഒരാള്‍ കഥാപാത്രമായി വരികയെന്ന് പറയുമ്പോള്‍ എനിക്ക് അതിന്റെ ലോജിക് ദഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു,’ എസ്.എന്‍. സ്വാമി പറയുന്നു.


Content Highlight: SN Swamy Talks About Sagar Alias Jacky