Entertainment
ഇരുപതാം നൂറ്റാണ്ട് ശരിക്കും ഞാന്‍ എഴുതേണ്ട സിനിമയായിരുന്നില്ല: എസ്. എന്‍ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 20, 11:48 am
Tuesday, 20th February 2024, 5:18 pm

ത്രില്ലര്‍ സിനിമകളില്‍ മലയാളത്തില്‍ പുതിയൊരു പാത ഉണ്ടാക്കിയ എഴുത്തുകാരനാണ് എസ്.എന്‍. സ്വാമി. 1984ല്‍ ചക്കരയുമ്മ എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്നങ്ങോട്ട് റൊമാന്റിക് ചിത്രങ്ങള്‍ക്കായിരുന്നു സ്വാമി കൂടുതലും തിരക്കഥ എഴുതിയത്. അതില്‍ നിന്ന് മാറിയത് 1987ലാണ്. മോഹന്‍ലാല്‍- കെ. മധു എന്നിവര്‍ ഒന്നിച്ച ഇരുപതാം നൂറ്റാണ്ട്, അതുവരെ ചെയ്തവയില്‍ നിന്നും വ്യത്യസ്തമായ സിനിമയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ സാഗര്‍ എലിയാസ് ജാക്കിക്ക് ഇന്നും ആരാധകരേറെയാണ്. എന്നാല്‍ ആ സിനിമ താന്‍ എഴുതേണ്ടതായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് റേഡിയോ മാംഗോയിലെ സ്‌പോട്ട് ലൈറ്റ് എന്ന പരിപാടിയിലൂടെ. ഫാമിലി ടൈപ്പ് സിനിമകളില്‍ നിന്ന് ആക്ഷന്‍ സിനിമകളിലേക്ക് മാറിയത് എങ്ങനെയാണെന്ന ചോദ്യത്തിന് സ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ ആദ്യകാല സിനിമകള്‍ മൊത്തം കണ്ണീരും കിനാവുമൊക്കെയായിരുന്നു. പഴയനടി മേനകയൊക്കെ എന്നോട് ചോദിക്കും, സ്വാമീ.. ഗ്ലിസറിന്‍ എത്ര വേണമെന്ന്. അങ്ങനത്തെ സിനിമകളായിരുന്നു ഒരുപാട് ചെയ്തത്. അതുകഴിഞ്ഞ് ഒരു ചെയ്ഞ്ച് ഉണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടാണ്. ആ സിനിമ ആക്‌സിഡന്റലായിരുന്നു. അതിന്റെ സ്‌ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന്ത് ഡെന്നീസ് ജോസഫായിരുന്നു. പക്ഷേ അയാള്‍ക്ക് നല്ല തിരക്കായിപ്പോയി. അപ്പോള്‍ അയാള്‍ എന്നെ വിളിച്ചിട്ട്, മോഹന്‍ലാലിന്റെ ഡേറ്റ് കെ.മധുവിന് ഉണ്ടെന്ന് പറഞ്ഞു. പ്രൊഡ്യൂസറും റെഡിയാണെന്നും പറഞ്ഞു.

മധുവിനെ ആ സമയത്ത് എനിക്ക് അറിയാം. ഞാന്‍ എഴുതിയ രണ്ടുമൂന്നു സിനിമകളില്‍ അയാള്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ‘ഈ ഡേറ്റ് മിസ്സായാല്‍ ലാലിന്റെ ഡേറ്റ് വേറെ കിട്ടില്ല. ഞാന്‍ ഇപ്പോള്‍ കുറച്ച് ബിസിയാണെന്നും’ ഡെന്നീസ് പറഞ്ഞു. അതിന് ശേഷം പുള്ളി എന്നോട്, എന്റെ സ്ഥിരം ടൈപ്പ് വേണ്ടെന്ന് പറഞ്ഞു. അങ്ങനെ ചെറിയൊരു ചെയ്‌ഞ്ചോടുകൂടി തുടങ്ങിയതാണ് ഇരുപതാം നൂറ്റാണ്ട്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy about Irupatham Noottaandu