ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു
national news
ഹരിയാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2022, 5:16 pm

ന്യൂദല്‍ഹി: ഹരിയാനയിലെ മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളില്‍ വെള്ളിയാഴ്ച വൈകുന്നേരം ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു.

മഹേന്ദര്‍ഗഡിലെ കനാലില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരും മുങ്ങിമരിച്ചു.

ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കള്‍ മഹേന്ദര്‍ഗഡിലെ കനാലില്‍ ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാല് പേര്‍ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

മഹേന്ദ്രഗഡ്, സോനിപത് ജില്ലകളില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ യുവാക്കള്‍ മുങ്ങിമരിച്ച സംഭവം ഹൃദയഭേദകമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഞങ്ങള്‍ എല്ലാവരും ഈ ദുഷ്‌കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. എന്‍.ഡി.ആര്‍.എഫ് ടീം നിരവധി ആളുകളെ രക്ഷിച്ചു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ ഖട്ടര്‍ ട്വീറ്റ് ചെയ്തു.

10 ദിവസമായി നടക്കുന്ന ഗണേശോത്സവം സമാപിച്ചതിനാല്‍ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങള്‍ നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തിരുന്നു.

Content Highlight: Six people drowned during Ganesha idol immersion in Haryana