ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍. കോണ്‍ഗ്രസിന്റെ കൂട്ടായ്മ കൊണ്ടാണ് കര്‍ണാടകയില്‍ വിജയിച്ചതെന്ന് അദ്ദേഹം വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു.
ജയിലില്‍ കിടന്നപ്പോള്‍ സോണിയാ ഗാന്ധി തന്നെ വന്ന് കണ്ടിരുന്നുവെന്നും കര്‍ണാടക തിരിച്ച് പിടിക്കുമെന്ന് താന്‍ വാക്ക് കൊടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഞാന്‍ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നു. അവര്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഞങ്ങളോടുള്ള വിശ്വാസം തുറന്നുകാട്ടി. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മാറ്റം അനിവാര്യമായിരുന്നു. ഇത് മോദിക്കെതിരായ ജനവിധിയാണ്.
ഇത് കൂട്ടമായ ലീഡര്‍ഷിപ്പിന്റെ ഫലമാണ്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഒരുമിച്ച് നിന്നാല്‍ വിജയിക്കുമെന്ന് തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു.
എന്നെ ജയിലില്‍ കാണാന്‍ വന്ന സോണിയ ഗാന്ധിയെ എനിക്ക് മറക്കാന്‍ സാധിക്കില്ല. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് കര്‍ണാടക പിടിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് ഓഫീസ് ആണ് ഞങ്ങളുടെ അമ്പലം. അടുത്തതായി എന്ത് ചെയ്യണമെന്ന് കോണ്‍ഗ്രസ് ഓഫീസില്‍ ഇരുന്ന് ഞങ്ങള്‍ ആലോചിക്കും,’ അദ്ദേഹം പറഞ്ഞു.
സിദ്ധരാമ്മയടക്കമുള്ള സംസ്ഥാനത്തെ മുഴുവന്‍ നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
കര്‍ണാടകയില്‍ 136 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. ബി.ജെ.പി- 64, ജെ.ഡി.എസ്- 20, മറ്റുള്ളവര്‍- നാല് എന്നിങ്ങനെയാണ് വോട്ട് നില. നേരത്തെ തന്നെ കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ച് കൊണ്ടുള്ള എക്‌സിറ്റ് പോള്‍ പുറത്ത് വന്നിരുന്നു.
content highlight: sivakumar about success in karnataka