ആത്മാര്‍ത്ഥതയുള്ളവര്‍ സംഗീതത്തിന് വേണ്ടിയാണ് ജീവിതം മാറ്റിവെച്ചത്, അവാര്‍ഡിന് വേണ്ടിയല്ല, നഞ്ചിയമ്മക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സിത്താര കൃഷ്ണകുമാര്‍
Film News
ആത്മാര്‍ത്ഥതയുള്ളവര്‍ സംഗീതത്തിന് വേണ്ടിയാണ് ജീവിതം മാറ്റിവെച്ചത്, അവാര്‍ഡിന് വേണ്ടിയല്ല, നഞ്ചിയമ്മക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സിത്താര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 10:49 pm

നഞ്ചിയമ്മക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാല്‍ തര്‍ക്കങ്ങളുടെ ഭാഷ മോശമായി പോവരുതെന്നും സിത്താര പറഞ്ഞു. നഞ്ചിയമ്മക്ക് അവാര്‍ഡ് കിട്ടിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ഇന്ന് പറയുന്ന പരിഷ്‌കൃതം എന്ന് പറയുന്ന പാട്ടുകളിലേക്ക് എത്താനുള്ള വഴി അത്തരം പാട്ടുകളായിരുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിത്താര പറഞ്ഞു.

‘നഞ്ചിയമ്മയുടെ അവാര്‍ഡിനെക്കുറിച്ച് സത്യത്തില്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. അതിനെ പറ്റി കൂടുതല്‍ സംസാരിക്കുന്നതില്‍ കാര്യമില്ല. നഞ്ചിയമ്മ സമാധാനമായിട്ട് ഒരിടത്ത് ഇരിക്കുകയാണ്. ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും അവര്‍ കാണുന്നില്ല. അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അതില്‍ തെറ്റും ശരിയുമില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള തര്‍ക്കത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ മോശമാവുന്നുണ്ട്. അതിലൊന്നും വലിയ കാര്യമില്ല.

അവാര്‍ഡ് പ്രഖ്യാപിച്ചു, കഴിഞ്ഞു, കിട്ടുന്നവരെ മനസറിഞ്ഞ് അഭിനന്ദിക്കുക. ആത്മാര്‍ത്ഥമായി സംഗീതത്തിനായി ജീവിതം മാറ്റി വെച്ച പലരുടെയും ലക്ഷ്യങ്ങളില്‍ ഒന്നേയല്ല സിനിമ. അവര്‍ക്ക് സിനിമയില്‍ പാടണമെന്നും ആഗ്രഹമില്ല. അവര്‍ സംഗീതത്തിന് വേണ്ടിയാണ് ജീവിതം മാറ്റി വെച്ചത്. അവാര്‍ഡിന് വേണ്ടിയല്ല. സിനിമയില്‍ നല്ല പ്ലേബാക്ക് സിങ്ങറാവട്ടെ എന്ന് ആശംസിക്കുന്നതില്‍ വലിയ കാര്യമില്ല. എല്ലാവര്‍ക്കും സംഗീതത്തില്‍ അവരവരുടേതായ വഴികളുണ്ട്.

ചലച്ചിത്ര പുരസ്‌കാരത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആറ് വരിയുള്ള പാട്ടിനൊക്കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ആ പാട്ടിന്റെ ഭംഗിക്കാണ്. പിന്നെ കുറച്ച് വ്യക്തികളാണല്ലോ അത് തീരുമാനിക്കുന്നത്. ഈ ചര്‍ച്ചകള്‍ വ്യക്തിപരമായ ചീത്തവിളികളിലേക്ക് പോവാതിരിക്കുക.

നഞ്ചിയമ്മക്ക് അവാര്‍ഡ് കിട്ടിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. ഇന്ന് പരിഷ്‌കൃതം എന്ന് പറയുന്ന പാട്ടുകളിലേക്ക് എത്താനുള്ള വഴി അത്തരം പാട്ടുകളായിരുന്നു. ഇത്തണ അങ്ങനെ അവാര്‍ഡ് കിട്ടുമ്പോള്‍ വലിയ അറ്റന്‍ഷന്‍ ആ ഭാഗത്തേക്ക് കിട്ടുകയാണല്ലോ. നമ്മളെ വിട്ടുപോകുന്ന പാട്ടുകളും ശേഖരങ്ങളും കിട്ടാനുള്ള വഴിയാണെങ്കിലോ. അതിനെ പോസിറ്റീവായി ചിന്തിക്കാല്ലോ,’ സിത്താര പറഞ്ഞു.

നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ചവര്‍ക്ക് ഈ അവാര്‍ഡ് അപമാനകരമാണെന്ന് സംഗീതഞ്ജന്‍ ലിനുലാല്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Sithara Krishnakumar says sincere people put their lives on hold for music, not for awards