ന്യൂദല്‍ഹി: രാജ്യത്ത് വര്‍ഗീയ കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും ഉടലെടുക്കുന്നതിന് കാരണം മനുഷ്യര്‍ക്കുള്ളിലെ ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലത്’ എന്ന ചിന്തയാണെന്ന് സി.പി.ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയും രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കും പിന്നോക്കാവസ്ഥയിലേക്കും നയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൂഷണങ്ങള്‍ അവസാനിച്ച് സോഷ്യലിസത്തിലേക്ക് നീങ്ങുന്ന ഒരു തെളിവാര്‍ന്ന ഇന്ത്യക്കായി എല്ലാവരും ഒരുമിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മതത്തെ വേര്‍തിരിക്കാന്‍ കഴിയാത്തിടത്തോളം മതേതരത്വത്തെ സംരക്ഷിക്കാനോ നടപ്പാക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നതിന് ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നെന്നും യെച്ചൂരി പറഞ്ഞു.
ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല. പൗരാവകാശമാണ് ആ സര്‍ക്കാരിന്റെ മതം. ഓരോ പൗരന്റെയും മതത്തെ സംബന്ധിച്ച അവരുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും സംരക്ഷിക്കപ്പെടണമെന്നും യെച്ചൂരി പറഞ്ഞു.
മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്നും കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ബി.ജെ.പിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് ലയനം അജണ്ടയിലില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് കൊണ്ടാണ് പാര്‍ട്ടി പ്രസക്തവും സജീവവുമായി നിലനില്‍ക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി പിളര്‍പ്പ് തെറ്റല്ല, അന്നത് ആവശ്യമായിരുന്നെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ച തരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘സി.പി.ഐ.എം രൂപീകരിച്ചില്ലെങ്കില്‍, അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിനു സംഭവിച്ചതരം തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവര്‍ഗ പാര്‍ട്ടിയായതിനാല്‍ കോണ്‍ഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകള്‍ക്ക് അതു പറ്റില്ല. പിളര്‍പ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുകയെന്നതാണ് ഇപ്പോള്‍ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,’ യെച്ചൂരി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സി.പി.ഐക്കും സി.പി.ഐ.എമ്മിനുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം.എന്‍ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി. അന്ന് രൂപീകരണയോഗത്തില്‍ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ.എമ്മുകാര്‍ കണക്കാക്കുന്നത്.
1925ല്‍ ഡിസംബര്‍ 26ന് കാണ്‍പൂരില്‍ വെച്ച് രൂപീകരിച്ചതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണമായി സി.പി.ഐ കണക്കാക്കുന്നത്.