ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്ന നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഈ അവസ്ഥയില്‍ ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ആലോചിച്ചുകയാണെന്നും അദ്ദേഹം പറഞ്ഞു.പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തുമെന്നും യെച്ചൂരി പറഞ്ഞു.
ഈ വിഷയത്തില്‍ നിയമനിര്‍മ്മാണ സഭ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ല.
സുപ്രീംകോടതിക്കുള്ളില്‍ നടപടികള്‍ കൃത്യമായി നടക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികള്‍ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റീസ് ചെലമേശ്വര്‍ ഉള്‍പ്പടെ നാല് മുതിര്‍ന്ന ജഡ്ജുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
പ്രതിഷേധിച്ച ജഡ്ജിമാരും ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ ഉന്നയിച്ച ആവശ്യത്തിന്‍മേല്‍ ചീഫ് ജസ്റ്റീസ് വ്യക്തമായ പ്രതികരണം നടത്താത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കുറഞ്ഞത് 100 എം.പിമാരുടെ പിന്‍തുണയോടെ പരാതി ഒപ്പിട്ട് നല്‍കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക തുടക്കമാകുന്നതാണ്.