സിംഗുവിലെ കൊലപാതകം; നിഹാംഗുകള്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ തെളിവ് പുറത്ത്
national news
സിംഗുവിലെ കൊലപാതകം; നിഹാംഗുകള്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ തെളിവ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 9:47 am

ന്യൂദല്‍ഹി: കര്‍ഷക സമര വേദികളില്‍ നിന്നും സിഖ് യോദ്ധാക്കളായ നിഹാംഗുകളെ പുറംതള്ളി സംയുക്ത കിസാന്‍ മോര്‍ച്ച. ഒക്ടോബര്‍ 15ന് യുവാവിനെ കൈവെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തിലാണ് സമരസമിതിയുടെ നടപടി.

ആക്രമത്തില്‍ പങ്കുള്ള നിഹാംഗ് വിഭാഗത്തിന്റെ നേതാക്കളുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍, കൈലാശ് ചൗധരി എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

സംഭവത്തിലെ ഗൂഢാലോചനകള്‍ വ്യക്തമാക്കണമെന്നും നിഹാംഗുകളുമായി ചര്‍ച്ച നടത്തിയ മന്ത്രിമാര്‍ രാജി വെക്കണമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

സിംഗുവിലെ കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനയ്ക്കും സമരസ്ഥലത്ത് ഇടമില്ലെന്നും സംയുക്ത കര്‍ഷക സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

കൊലപാതകം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

പഞ്ചാബില്‍ നിന്നുള്ള 32 കര്‍ഷക സംഘടനകളും ചേര്‍ന്ന് സിംഗു അതിര്‍ത്തിയില്‍ നടന്ന ലഖ്ബീര്‍ സിംഗിന്റെ കൊലപാതകം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയും കിസാന്‍ മോര്‍ച്ച രൂപീകരിച്ചിട്ടുണ്ട്.

കേസന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സമരവേദിയിലെ തങ്ങളുടെ ആരാധനാലയത്തില്‍ കടന്ന് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നിഹാംഗുകള്‍ ലഖ്ബീര്‍ സിംഗിനെ കൊലപ്പെടുത്തിയത്.

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ 7 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു.

ലഖ്ബീര്‍ സിംഗിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഖേദമില്ലെന്നും, തങ്ങളുടെ പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നുന്നില്ലെന്നുമാണ് നിഹാംഗുകള്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Singhu Murder, Evidence of Nihangs’ talks with Union Ministers is out