കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് പ്രധാന കാര്യങ്ങള്‍ നടന്നു. രണ്ടും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെടുത്തിയാണ്. ഒന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തതാണ്. രണ്ടാമത്തേത് സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയതാണ്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണത് സിദ്ധരാമയ്യയുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ അങ്ങനെ തന്നെയാണോ?
അങ്ങനെയല്ല എന്ന് അനുമാനിക്കേണ്ടി വരും കഴിഞ്ഞ കാലങ്ങളിലെ സിദ്ധരാമയ്യയുടെ നീക്കങ്ങള്‍ പരിശോധിച്ചാല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും താന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവുമെന്നായിരുന്നു സിദ്ധരാമയ്യ കരുതിയിരുന്നത്. എന്നാല്‍ മൈസൂര്‍ മേഖലയില്‍ ജനതാദള്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന സീറ്റുകള്‍ സ്വന്തമാക്കിയതോടെ ഭൂരിപക്ഷം നേടാനായില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചതോടെയാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്.
ദേവഗൗഡയോട് പിണങ്ങി ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യക്ക് അഞ്ചു വര്‍ഷവും ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് സ്വാഭാവികമായും ഇഷ്ടമുള്ള കാര്യമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിദ്ധരാമയ്യയോടൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വെച്ചതോടെ സംസ്ഥാനത്ത് ബി.ജെ.പി ഭരണം വന്നു.
എന്നാല്‍ ഇനിയുള്ള നാല് വര്‍ഷവും ബി.ജെ.പിക്ക് അധികാരം നല്‍കാം എന്നല്ല സിദ്ധരാമയ്യ ഇപ്പോള്‍ കരുതുന്നത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച സീറ്റുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിന് തന്നെ വിജയിക്കാനാവുമെന്ന് സിദ്ധരാമയ്യ കരുതുന്നു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് വീഴും എന്നും അദ്ദേഹം വിചാരിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അങ്ങനെയെങ്കില്‍ വീണ്ടും കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ കഴിയുമെന്നോ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ നടന്നാല്‍ വീണ്ടും കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്നാണ് സിദ്ധരാമയ്യയുടെ കണക്കൂകൂട്ടല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അങ്ങനെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍ പ്രതിപക്ഷ നേതാവിനാണ്. അത് കൊണ്ട് തന്നെയാണ് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവാകാന്‍ മുഴുവന്‍ ശ്രമങ്ങളും നടന്നത്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര അടക്കമുള്ള നേതാക്കളാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് വേണ്ടി പാര്‍ട്ടിക്കകത്ത് മത്സരിച്ചത്. അവസാനം ആ മത്സരത്തില്‍ സിദ്ധരാമയ്യ വിജയിച്ചിരുന്നു. അത് കൊണ്ട് തന്നെ പ്രവര്‍ത്തക സമിതി അംഗമെന്ന സ്ഥാനം നഷ്ടപ്പെട്ടാലും സിദ്ധരാമയ്യയെ അത് അതികം ബാധിക്കാതിരിക്കാനാണ് സാധ്യത.