രാജ്യത്തെ നടുക്കിയ ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ട് അഞ്ചുദിവസമായി. ഇദ്ദേഹത്തിന് നേരെ യു.എ.പി.എ ചുമത്തിയ നടപടിയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു
സിദ്ദീഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.പി പൊലീസില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ?
12-ാം തിയതി കോടതിയില്‍ ഹാജരാക്കും എന്നുള്ള വിവരം മാത്രമെ ഉള്ളൂ. യു.പി പൊലീസ് ഇതുവരെ അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു വിവരവും ഞങ്ങളെ അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ അറിയുന്നത്. അഭിഭാഷകനുമായും സംസാരിക്കുന്നുണ്ട്.
അഭിഭാഷകന്‍ സിദ്ദീഖ് കാപ്പനെ സന്ദര്‍ശിച്ചിരുന്നോ? അദ്ദേഹത്തിന്റെ അവസ്ഥ എന്താണ്?
സിദ്ദീഖ് കാപ്പനുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടില്ല. 12-ാം തിയതിയായാലേ ഇനി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നാണ് അഭിഭാഷകനും പറയുന്നത്.
സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് എന്നാണ് നിങ്ങളോട് സംസാരിച്ചത്?
നാലാം തിയതി രാത്രി എന്നത്തേയും പോലെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നും രാവിലെ വിളിക്കേണ്ടതാണ്. എന്നാല്‍ പിറ്റേദിവസം വിളിച്ചില്ല. മാധ്യമപ്രവര്‍ത്തകനായതിനാല്‍ തന്നെ അടിയന്തരസാഹചര്യങ്ങളില്‍ ചില അഭിമുഖങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പോകാറുമുണ്ട്. വിളിക്കാതായപ്പോള്‍ അത്തരം ആവശ്യങ്ങള്‍ക്കായി ദല്‍ഹിയിലെ എവിടേക്കെങ്കിലും പോയതായിരിക്കുമെന്നാണ് കരുതിയത്.
അറസ്റ്റിലാണെന്ന കാര്യം എപ്പോഴാണ് അറിയുന്നത്?
അഞ്ചാം തിയതി രാവിലെ മുതല്‍ ഒരു വിവരവുമില്ല. ഉച്ചയ്ക്കും വൈകുന്നേരവും അദ്ദേഹം വിളിച്ചില്ല. താമസിക്കുന്ന മുറിയിലെ ഫോണിലേക്ക് വിളിച്ചപ്പോഴും എടുത്തില്ല. മറ്റ് ഫോണുകളെല്ലാം സ്വിച്ച് ഓഫായിരുന്നു. രാവിലെ 11 മണിയ്‌ക്കെല്ലാം സ്വിച്ച് ഓഫാണ്. രാത്രി ഒരുമണി വരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കിട്ടാതായപ്പോള്‍ ആകെ പേടിച്ചു.
പ്രമേഹരോഗിയായതിനാല്‍ ആ തരത്തിലും ചിന്ത പോയി. അദ്ദേഹം തനിച്ചാണ് താമസിക്കുന്നത്. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ, സുഖമില്ലാതെ ആശുപത്രിയിലായിരിക്കുമോ എന്നൊക്കെയുള്ള ആശങ്കയായിരുന്നു. അഞ്ചാം തിയതി മുഴുവനായി അങ്ങനെ പോയി. ആറാം തിയതി രാവിലെ മാധ്യമവാര്‍ത്തകള്‍ കണ്ട് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. അതുവരെ ഞാനൊന്നും അറിഞ്ഞിരുന്നില്ല.
എന്നാണ് അവസാനമായി നാട്ടിലേക്ക് വന്നത്?
ആറ് വര്‍ഷത്തിലേറെയായി ദല്‍ഹിയിലാണ്. കൊവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്ക് വന്നിരുന്നു. സെപ്തംബര്‍ 11 നാണ് തിരിച്ചുപോയത്. ഈ വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ മാതാവിനോട് പറഞ്ഞിട്ടില്ല. 90 വയസാണ് ഉമ്മയ്ക്ക്. അദ്ദേഹത്തിനോട് ഒരു പ്രത്യേക അടുപ്പമാണ് ഉമ്മായ്ക്കുള്ളത്. എപ്പോഴും അദ്ദേഹത്തിന്റെ പേര് തന്നെ വിളിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഉമ്മ.
രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഒരു കേസ്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും യു.എ.പിഎ ചുമത്തുന്നതും. എന്തുതോന്നുന്നു?
അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. വാര്‍ത്ത ചെയ്യാന്‍ പോയതല്ലേ. അത് ജോലിയുടെ ഭാഗമാണല്ലോ. വാര്‍ത്ത നേരിട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാനും കാര്യങ്ങള്‍ അറിയാനുമുള്ള താല്‍പ്പര്യത്തിന്റെ പുറത്ത് പോയതായിരിക്കും. വാര്‍ത്തയ്ക്ക് പിറകില്‍ നിഷ്പക്ഷമായി പോകുന്ന ആളാണ് അദ്ദേഹം.
യു.പിയിലാണ് എന്നുള്ളത് കൊണ്ടായിരിക്കാം പിടിച്ചുവെച്ചത്. രക്ഷപ്പെടും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ എന്ന് പറയുമ്പോള്‍ അതെന്തിന് എന്ന ചോദ്യമാണുള്ളത്. അങ്ങനെയാണെങ്കില്‍ സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ, മാധ്യമപ്രവര്‍ത്തകനായിട്ട് തുടരാനാകില്ലല്ലോ. അല്ലാതെ എന്തുപറയാനാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.