Entertainment
ആ സീൻ കണ്ട് തിയേറ്ററിൽ ഇരുന്ന് ഞാൻ ഇമോഷണലായി; മോഹൻലാൽ ചിത്രത്തെ കുറിച്ച് സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 20, 05:34 am
Saturday, 20th July 2024, 11:04 am

മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ഈയിടെ ചിത്രത്തിന്റെ ഫൈനൽ പ്രിന്റ് കണ്ടപ്പോൾ ഒരു സീൻ കണ്ട് താൻ ഇമോഷണലായെന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. സ്വന്തം സിനിമ തിയേറ്ററിരുന്ന് കണ്ട് കണ്ണ് നിറഞ്ഞ സാഹചര്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിബി മലയിൽ.

ദേവദൂതൻ ഇന്ന് കാണുന്ന പ്രേക്ഷകരും സിനിമയിൽ നിന്ന് പുതിയതായി എന്തെങ്കിലും കണ്ടെത്തുന്നുണ്ടെന്നും അത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ടെന്നും സിബി പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്റെ ഒരു ഫൈനൽ പ്രിന്റ് ഞാൻ ഈയിടെ വീണ്ടും കണ്ടിരുന്നു. ഞാൻ ഈ സിനിമ എത്രയോ വട്ടം കണ്ടിട്ടുണ്ട്, എഡിറ്റ്‌ ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ അതിന്റെ എല്ലാ വർക്കുകളും കാലങ്ങളായി ഞാൻ ചെയ്യുന്നുണ്ട്.

പക്ഷെ ഈ ഫൈനൽ വേർഷൻ കഴിഞ്ഞ ദിവസം കണ്ടപ്പോൾ കരളേ നിൻ കൈ പിടിച്ചാൽ എന്ന പാട്ടിലേക്ക് പോവുന്നതിന് മുമ്പുള്ള ജയപ്രദയുടെ ഒരു സീനുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓർമയിലേക്ക് അവർ പോയി സംസാരിക്കുന്ന ഭാഗം. ആ മൊമെന്റിൽ പെട്ടെന്ന് എനിക്ക് വല്ലാത്തൊരു ഇമോഷണൽ കണക്ഷൻ ഉണ്ടായി.

എവിടെയൊക്കെയോ നമ്മളെ എവിടുന്നൊക്കെയോ ടച്ച്‌ ചെയ്യുന്ന കാര്യങ്ങൾ ദേവദൂതനിൽ ഇപ്പോഴുമുണ്ട്. ഈ സിനിമ ഇപ്പോൾ കാണുന്ന പ്രേക്ഷകരും ഞാൻ കാണാത്ത എന്തെങ്കിലുമൊന്ന് കണ്ടുപിടിക്കുന്നുണ്ട്. ഞാൻ അത് ഉണ്ടാക്കിയ ആളാണെങ്കിൽ പോലും ഞാനന്ന് ചിന്തിക്കുകയോ കാണുകയോ ചെയ്യാത്ത കാര്യങ്ങൾ ആളുകൾ ഇന്ന് കാണുകയും അത് ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങനെയും ഒരു കാഴ്ച ഇതിനകത്തുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്,’ സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malyil Talk About a Scene In Devadoothan