മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു.
മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടനായ ശങ്കറിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മുതല്‍ക്ക് തന്നെ താന്‍ ശങ്കറിനെ ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് സിബി മലയില്‍ പറഞ്ഞു. മുത്താരംകുന്ന് പി.ഓയ്ക്ക് ശേഷം താന്‍ ചെയ്ത സിനിമ നിര്‍മിച്ചത് ശങ്കറായിരുന്നെന്നും അതുവരെ അയാള്‍ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആ ചിത്രത്തിലെ വേഷമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എല്ലാ സിനിമകളിലും ഒരുപോലുള്ള വേഷങ്ങളായിരുന്നു ശങ്കറിന് ആ സമയത്ത് കിട്ടിയിരുന്നതെന്നും അത് അയാളുടെ കരിയറിനെ ബാധിച്ചെന്നും സിബി മലയില്‍ പറഞ്ഞു. അതേസമയം ശങ്കറിന്റെ കൂടെ സിനിമയിലെത്തിയ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ നിന്ന് നായകവേഷത്തിലേക്കും അവിടെ നിന്ന് സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്കും ഉയര്‍ന്നെന്നും സിബി മലയില്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്സിനോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘എന്റെ രണ്ടാമത്തെ സിനിമയായിരുന്നു ചേക്കാറാനൊരു ചില്ല. മുത്താരംകുന്ന് പി.ഓ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ശങ്കര്‍ എന്റെയടുത്ത് ഈ സിനിമയുമായി വരുന്നത്. അനില്‍ കപൂറിന്റെ ഒരു ഹിന്ദി സിനിമയുടെ റീമേക്കായി എടുക്കാം എന്ന് പറഞ്ഞു. പ്രിയദര്‍ശനാണ് ആ പടത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്. അതുവരെ ശങ്കര്‍ ചെയ്ത സിനിമകളില്‍ നിന്ന് സ്വല്പം വ്യത്യസ്തമായിരുന്നു ആ പടത്തില്‍ പുള്ളിയുടെ ക്യാരക്ടര്‍.
ആ പടത്തിന് മുമ്പ് പുള്ളി റൊമാന്റിക് നായകന് എന്ന രീതിയില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു. അത് അയാളുടെ കരിയറിനെ വല്ലാതെ ബാധിച്ചു. അതേസമയം ശങ്കറിന്റെ കൂടെ സിനിമയിലെത്തിയ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ നിന്ന് നായകനായും അവിടുന്ന് പിന്നീട് സൂപ്പര്‍സ്റ്റാറായും ഉയര്‍ന്നു. അത് രണ്ടും ഞാന്‍ നേരിട്ട് കണ്ടതാണ്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil talks about Actor Shankar’s film career