ഒരുപാട് ട്വിസ്റ്റുകൾ ഉള്ളതിനാൽ കാസ്റ്റിങ്ങിൽ നന്നായി ശ്രദ്ധിച്ച ആസിഫ് അലി ചിത്രമാണത്: സിബി മലയിൽ
Entertainment
ഒരുപാട് ട്വിസ്റ്റുകൾ ഉള്ളതിനാൽ കാസ്റ്റിങ്ങിൽ നന്നായി ശ്രദ്ധിച്ച ആസിഫ് അലി ചിത്രമാണത്: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th November 2024, 10:19 pm

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ നൽകിയ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അപൂർവ രാഗം. പൂർണ്ണമായി പുതിയ അഭിനേതാക്കളെ വെച്ച് എടുത്ത ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി, നിത്യ മേനോൻ, നിഷാൻ, വിനയ് ഫോർട്ട് തുടങ്ങിയവരായിരുന്നു  പ്രധാന വേഷത്തിൽ എത്തിയത്.

ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രം കണ്ടിട്ടാണ് ആസിഫ് അലിയെയും നിഷാനെയും തന്റെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്ന് സിബി മലയിൽ പറഞ്ഞു. എന്നാൽ വിനയ് ഫോറത്തിന്റെ കാസ്റ്റിങ്ങായിരുന്നു ഏറ്റവും പ്രയാസമേറിയതെന്നും സിബി മലയിൽ പറഞ്ഞു.

‘അപൂര്‍വരാഗം ഞാന്‍ 2010ല്‍ ചെയ്ത സിനിമയാണ്. ഞാന്‍ അത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അത്. പുതിയ കാലത്തിന്റെ അഭിനേതാക്കളുടെ കൂടെ പുതിയ കാലത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. രണ്ട് ചെറുപ്പക്കാര്‍ എന്റെ പിന്നാലെ വന്ന് പറഞ്ഞ കഥയായിരുന്നു അത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആദ്യമായിട്ടായിരുന്നു അങ്ങനെ എന്റെ അടുത്തേക്ക് കഥയുമായി വരുന്നവരില്‍ നിന്ന് ഞാന്‍ സ്വീകരിക്കുന്നത്.

ഈ സിനിമ ചെയ്യാമെന്നും എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ചാകണം സിനിമയെന്നും അവരോട് പറഞ്ഞു. കാരണം ഇതിലെ മൂന്ന് കഥാപാത്രങ്ങളും അണ്‍പ്രെഡിക്റ്റബിള്‍ ആയിട്ടുള്ളവരാകണം. അവരെ പ്രേക്ഷകര്‍ക്ക് മുന്‍പരിചയം ഉള്ളവരാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഇവര്‍ ഏത് ഘട്ടത്തില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയും.

കാസ്റ്റിങ്ങിനായി ഞങ്ങള്‍ കാസ്റ്റിങ് കോള്‍ ചെയ്യാമെന്ന ധാരാണയിലായി. അതിനിടയിലാണ് ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമ കാണുന്നത്. അതില്‍ ഉള്ള രണ്ട് പയ്യന്മാരെയും എനിക്ക് ഇഷ്ടമായി. അത് ആസിഫ് അലിയും നിഷാനുമായിരുന്നു. മൂന്നാമത്തെ കഥാപാത്രത്തെ ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. ആ കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ രൂപപരിണാമം വരേണ്ട കഥാപാത്രം.

അതിന് ആളെ അന്വേഷിക്കുമ്പോഴാണ് ഒഡീഷനില്‍ വന്ന ഒരാളെ ഞാന്‍ കാണുന്നത്. അയാള്‍ക്ക് മുടി കുറവായിരുന്നു, ചെറിയ കഷണ്ടിയുണ്ട്. അപ്പോഴാണ് അയാള്‍ താന്‍ ഋതുവില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് പറയുന്നത്. ആ സമയത്താണ് എനിക്ക് അദ്ദേഹത്തെ ഓര്‍മ വരുന്നത്. അത് വിനയ് ഫോര്‍ട്ടായിരുന്നു. ഈ കഥാപാത്രം രണ്ട് സന്ദര്‍ഭങ്ങളിലായി രണ്ട് ഗെറ്റപ്പില്‍ വേണം വരാനെന്ന് അയാളോട് ഞാന്‍ പറഞ്ഞു.

ആദ്യം വിഗ് വെച്ചിട്ട് വളരെ സാധുവായി കോളേജ് കുട്ടികള്‍കളുടെ കൂട്ടായ്മയില്‍ വേണം. പിന്നെ അടുത്ത ഘട്ടമെത്തുമ്പോള്‍ ഇയാളുടെ തനി നിറം പുറത്ത് വരണം. അവിടെ ഇയാള്‍ വലിയ കുഴപ്പക്കാരനായ ആളായി മാറുകയാണ്. അങ്ങനെ ഒരുപാട് ട്വിസ്റ്റുകളുള്ള സിനിമയായിരുന്നു അത്. അതുകൊണ്ട് കാസ്റ്റിങ് വളരെ ഏറെ ശ്രദ്ധിക്കണമായിരുന്നു.

അങ്ങനെ പിന്നീട് അതിന്റെ ഒഡീഷന്റെ ഭാഗമായി ആസിഫിനെ വിളിച്ചു വരുത്തി. ഞാന്‍ കഥയുടെ പൂര്‍ണരൂപം പറയാനായിരുന്നു അവനെ വിളിച്ചത്. കഥ കേട്ട് കഴിഞ്ഞതും ആസിഫ് ‘ഞാന്‍ കരുതിയത് ഇത് ഒരു സ്ഥിരം ക്യാമ്പസ് ലവ് സ്റ്റോറി ആണെന്നാണ്. അതുകൊണ്ട് ഞാന്‍ അധികം എക്‌സൈറ്റഡ് ആകാതെ ഇരിക്കുകയായിരുന്നു. എന്നാല്‍ പിന്നെ ഞാന്‍ ഞെട്ടി പോയി’ എന്ന് പറഞ്ഞു. ആള്‍ അന്ന് വളരെ എക്‌സൈറ്റഡായിട്ടാണ് സംസാരിച്ചത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil About Casting of Apoorva ragham Movie