മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് എം.ടിയുടെ സ്‌ക്രിപ്റ്റില്‍ സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്ന് സിബി മലയില്‍. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുടങ്ങിപ്പോയ സിനിമയെക്കുറിച്ചും മുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത് .
”എം.ടി. സാര്‍ ആദ്യം എന്നോട് പറഞ്ഞത് മമ്മൂട്ടിയേയും മോഹല്‍ലാലിനെയും വച്ച് ജൂലിയസ് സീസര്‍ ചെയ്യാമെന്നാണ്. സദയത്തിന് മുമ്പ് എം.ടി. സാറുമായി ഇങ്ങനൊരു സിനിമ ചെയ്യാന്‍ പറ്റുമോ എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഏറ്റവും വിദൂര സ്വപ്നത്തില്‍ പോലും അങ്ങനൊരു കാര്യം ചിന്തിച്ചിട്ടില്ല.
സെവന്‍ ആര്‍ട്സ് വിജയകുമാറാണ് ഞാന്‍ പ്രണവത്തിന് വേണ്ടി ചെയ്ത സിനിമകളുടെ എല്ലാം ഡിസ്ട്രിബ്യൂഷന്‍. വിജയകുമാറാണ് പറഞ്ഞത് എം. ടിയുടെ സ്‌ക്രിപ്റ്റില്‍ ഒരു സിനിമ നമുക്ക് പ്ലാന്‍ ചെയ്താലോ എന്ന്.
എനിക്കൊന്നും അപ്രാച്ച് ചെയ്യാന്‍ പറ്റിയ ആളേ അല്ല എം.ടി. സാര്‍. അദ്ദേഹത്തെ പോലൊരു വ്യക്തിയുടെ അടുത്ത് ഒന്നും എന്നെ പോലൊരാള്‍ക്ക് ചെല്ലാന്‍ പറ്റില്ലാലോ.
വിജയകുമാറും അദ്ദേഹവും നല്ല സൗഹൃദം ഉള്ളത് കൊണ്ട് അവന്‍ എം.ടി. യോട് സ്‌ക്രിപ്റ്റ് ചോദിക്കാമെന്ന് പറഞ്ഞു, അങ്ങനെ എം.ടി. സാര്‍ വന്നു സംസാരിച്ചു. അദ്ദേഹം എന്നോട് പറഞ്ഞത് മമ്മൂട്ടിയേയും മോഹല്‍ലാലിനെയും വച്ചിട്ട് ജൂലിയസ് സീസര്‍ ചെയ്യാമെന്നാണ്. അപ്പോള്‍ എനിക്ക് അത് എന്റെ കയ്യിലേക്ക് ഒതുങ്ങുന്ന സിനിമയാണോ എന്ന് ഓര്‍ത്ത് ആകെ ഭയമായി. എന്നാലും എം.ടി. സാറിന്റെ സ്‌ക്രിപ്റ്റ് ഉണ്ടല്ലോ, വിജയകുമാര്‍ കൂടെ ഉണ്ടല്ലോ എന്ന ധൈര്യത്തില്‍ അതുമായി കുറച്ച് മുന്നോട്ട് പോയി.
അതിന്റെ ലൊക്കേഷന് വേണ്ടി ഞങ്ങള്‍ മൈസൂരൊക്കെ പോയി പാലസുകളൊക്കെ കണ്ടു. പക്ഷേ സിനിമയുടെ കാസ്റ്റിങ്ങ് ഒക്കെ വന്നപ്പോഴേക്കും വലിയ ബജറ്റ് ഉള്ള സിനിമയായി. മലയാളത്തില്‍ അന്ന് ഇത്രയും ബജറ്റ് ഉള്ള സിനിമ എടുക്കാന്‍ പറ്റില്ലായിരുന്നു. അതിനുള്ള മാര്‍ക്കറ്റ് അന്ന് മലയാളത്തില്‍ ഇല്ലായിരുന്നു.
അങ്ങനെ സിനിമയുടെ ബജറ്റ് ഒക്കെ ആലോചിച്ചാണ് വേണ്ട എന്ന് തീരുമാനിച്ചത്. അന്ന് എം. ടി സാറുമായുള്ള എന്റെ സ്വപ്നമെല്ലാം അവസാനിച്ചുവെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് ഒരു വലിയ കഥയുണ്ടെന്ന് എം.ടി. സാര്‍ പറഞ്ഞു. അങ്ങനെയാണ് ശത്രു എന്ന കഥയുടെ ബേസിക്ക് തോട്ട്. സദയം ഞാന്‍ എന്റെ കരിയറില്‍ ഏറ്റവും എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണ്. സദയത്തിന് ആ പേരിട്ടത് എം.ടി. സാര്‍ ആണ്,” സിബി മലയില്‍ പറഞ്ഞു.
Content Highlight: sibi Malail said that a film was planned with Mohanlal and Mammootty in MT vasudevan nair’s script