Entertainment news
പ്രേമലു കണ്ടതിന് ശേഷം ആ സംവിധായകൻ എനിക്ക് മെസേജ് അയച്ചു; അദ്ദേഹം ഇങ്ങനെയൊരു പടത്തിന്റെ വക്താവേയല്ല: ശ്യാം മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 11, 05:00 pm
Monday, 11th March 2024, 10:30 pm

പ്രേമലു കണ്ടതിന് ശേഷം സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വിളിച്ച സംവിധായകരെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. ജിയോ ബേബി തനിക്ക് മെസേജ് അയച്ചിരുന്നെന്നും അദ്ദേഹം ഇങ്ങനെയുള്ള പടത്തിന്റെ വക്താവ് അല്ലെന്നും ശ്യാം പറഞ്ഞു.

അനിൽ രാധാകൃഷ്ണൻ, ബി.ഉണ്ണികൃഷ്‌ണനൊക്കെ സംസാരിച്ചിരുന്നെന്നും ശ്യാം പറയുന്നുണ്ട്. പത്മകുമാർ രണ്ട് തവണ സിനിമ കണ്ടെന്നും അദ്ദേഹത്തിന്റെ സിനിമ ഈ ഒരു ടൈപ്പ് അല്ലെന്നും ശ്യാം കൂട്ടിച്ചേർത്തു. ഇവരൊക്കെ പ്രേമലു കാണുമെന്ന് കരുതിയില്ലെന്നും ശ്യാം കൗമുദിയോട് പറഞ്ഞു.

‘ജിയോ ബേബി സാർ ഒക്കെ മെസേജ് അയച്ചിരുന്നു. പുള്ളി ഇങ്ങനെ ഒരു പടത്തിന്റെ വക്താവേ അല്ല. വേറെ ടൈപ്പ് പടങ്ങൾ ചെയ്യുന്ന ആളാണ്. പുള്ളി എനിക്ക് പേഴ്സണൽ മെസേജ് ഒക്കെ അയച്ചു. അനിൽ രാധാകൃഷ്ണൻ സാർ വിളിച്ചിരുന്നു. ഞാൻ ഫെഫ്കെയുടെ ഒരു ഇവന്റിനു പോയിട്ടുണ്ടായിരുന്നു.

ബി. ഉണ്ണികൃഷ്ണൻ സാറും ഒക്കെ ഉണ്ടായിരുന്നു. പത്മകുമാർ സാർ രണ്ടു തവണ കണ്ടു എന്നു പറഞ്ഞു. അവരൊക്കെ എടുക്കുന്ന സിനിമകൾ ഈ ഒരു ടൈപ്പ് അല്ല. നമ്മളൊക്കെ വിചാരിക്കുന്നത് ഇവരൊക്കെ ഇത് കാണുമോയെന്നാണ്. എന്നാൽ ഇവരൊക്കെ കണ്ടിട്ടുണ്ട്. കണ്ടിട്ടുണ്ടെന്ന് നമ്മളോട് പറയുകയും ചെയ്തു. നല്ല സന്തോഷം തോന്നി,’ ശ്യാം മോഹൻ പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ്.

കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ മാർച്ച് എട്ടിന് റിലീസായിരിക്കുകയാണ്. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയത്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങള്‍ക്ക് പുറമെ യു.എസിലും 100ലധികം സ്‌ക്രീനുകളിലാണ് തെലുങ്ക് പതിപ്പ് റിലീസായിരിക്കുന്നത്.

Content Highlight: Shyam mohan about a director’s message