Champions Trophy
കിരീടനേട്ടത്തിലും നീറുന്ന നിരാശ; ഗവാസ്‌കറിന്റെ അനാവശ്യ റെക്കോഡിലേക്ക് ഗോട്ടിന് കൂട്ടായി ബേബി ഗോട്ടും
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Thursday, 13th March 2025, 8:36 am

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് നെറുകയിലെത്തിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രോഹിത് ശര്‍മയും സംഘവും ഇടനെഞ്ചില്‍ മൂന്നാം നക്ഷത്രം തുന്നിച്ചേര്‍ത്തു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

അപരാജിതരായാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ, സെമി ഫൈനലില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്. ഈ നാല് മത്സരത്തിലും എതിരാളികളുടെ പത്ത് വിക്കറ്റും പിഴുതെറിയാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഐതിഹാസിക നേട്ടങ്ങള്‍ പിറവിയെടുത്ത മത്സരങ്ങളില്‍ ചില മോശം റെക്കോഡുകളും ഇന്ത്യന്‍ താരങ്ങളുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമിയും ഒരു ഐ.സി.സി ഫൈനലില്‍ തന്റെ ഏറ്റവും മോശം സ്‌കോറിന് പുറത്തായി വിരാട് കോഹ്‌ലിയുമടക്കമുള്ള താരങ്ങള്‍ ടൂര്‍ണമെന്റില്‍ തലകുനിച്ചു നിന്നിരുന്നു. ഇത്തരത്തില്‍ ഒരു മോശം റെക്കോഡാണ് ഓപ്പണിങ് ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഇന്ത്യ കിരീടമണിഞ്ഞ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങളുടെ അനാവശ്യ റെക്കോഡിലാണ് ഗില്‍ ഇടം നേടിയത്. കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് തവണയാണ് ഗില്‍ ഇത്തരത്തില്‍ പുറത്തായത്.

ഇന്ത്യയെ ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ അടയാളപ്പെടുത്തിയ 1983 ലോകകപ്പില്‍ നാല് തവണ ഇത്തരത്തില്‍ പുറത്തായ സുനില്‍ ഗവാസ്‌കറും 2024 ടി-20 ലോകകപ്പില്‍ അഞ്ച് തവണ ഇരട്ടയക്കം കാണാതെ മടങ്ങിയ വിരാടും അടങ്ങിയ ലിസ്റ്റിലേക്കാണ് ഗില്‍ കാലെടുത്തുവെച്ചിരിക്കുന്നത്.

ഇന്ത്യ ഐ.സി.സി കിരീടമുയര്‍ത്തിയ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് മടങ്ങിയ താരങ്ങള്‍

(താരം – ടൂര്‍ണമെന്റ് – എത്ര തവണ പുറത്തായി എന്നീ ക്രമത്തില്‍)

സുനില്‍ ഗവാസ്‌കര്‍ – 1983 ലോകകപ്പ് – 4 തവണ

ദിനേഷ് മോംഗിയ – 2002 ചാമ്പ്യന്‍സ് ട്രോഫി – 2 തവണ

റോബിന്‍ ഉത്തപ്പ – 2007 ടി-20 ലോകകപ്പ് – 3 തവണ

സഹീര്‍ ഖാന്‍ – 2011 ലോകകപ്പ് – 4 തവണ

സുരേഷ് റെയ്‌ന – 2013 ചാമ്പ്യന്‍സ് ട്രോഫി – 2 തവണ

വിരാട് കോഹ്‌ലി – 2024 ടി-20 ലോകകപ്പ് – 5 തവണ

ശുഭ്മന്‍ ഗില്‍ – 2025 ചാമ്പ്യന്‍സ് ട്രോഫി – 2 തവണ

ടൂര്‍ണമെന്റില്‍ അഞ്ച് മത്സരത്തില്‍ നിന്നും ഒരു സെഞ്ച്വറിയുള്‍പ്പടെ 188 റണ്‍സാണ് ഗില്‍ നേടിയത്. 101*, 46, 2, 8, 31 എന്നിങ്ങനെയാണ് ടൂര്‍ണമെന്റില്‍ ഗില്ലിന്റെ പ്രകടനം.

 

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ് ശുഭ്മന്‍ ഗില്‍. കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യ പടിയിറങ്ങിയതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ എന്ന അധിക ഉത്തരവാദിത്തവും ഗില്ലിനുണ്ടായിരുന്നു. എന്നാല്‍ അതാകട്ടെ താരത്തിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചു. കഴിഞ്ഞ തവണ ശിരസിലേറ്റിയ ക്യാപ്റ്റന്‍സിയെന്ന മുള്‍ക്കിരീടത്തെ ഇത്തവണ പൊന്‍കിരീടമാക്കാനാണ് ഗില്‍ ഒരുങ്ങുന്നത്.

 

Content Highlight: Shubman Gill joins Sunil Gavaskar and Virat Kohli in an unwanted list of most single digit dismissals when India won ICC Trophy