ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റി, എന്നാല്‍ തന്റെ മടിക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം വിക്കറ്റും; ഗില്ലിനെ പുറത്താക്കിയ പൂരന്റെ ഡയറക്ട് ഹിറ്റ് (വീഡിയോ)
ഇന്ത്യ – വെസ്റ്റ് ഇല്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വെച്ച് നടക്കുകയാണ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ശുഭ്മന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഇന്ത്യയ്ക്ക് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്.
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി തികച്ചായിരുന്നു ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഗില്ലും ധവാനും ചേര്‍ന്ന് 119 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ വിന്‍ഡീസ് ഒരുവേള പരുങ്ങിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 119ല്‍ നില്‍ക്കവെ ഗില്ലിനെ പുറത്താക്കി കരീബിയന്‍ ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ വെസ്റ്റ് ഇന്‍ഡീസിന് അവശ്യമായ ബ്രേക്ക് ത്രൂ നല്‍കി. ഒരു ഡയറക്ട് ഹിറ്റിലൂടെ ഗില്ലിനെ റണ്‍ ഔട്ടാക്കിയായിരുന്നു പൂരന്‍ ഇന്ത്യയെ ഞെട്ടിച്ചത്.
നിക്കോളാസ് പൂരന്‍ എന്ന 5D താരത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതായിരുന്നു ഗില്ലിന് വിനയായത്.
സ്‌ട്രൈക്കിലിരിക്കെ അല്‍സാരി ജോസഫിന്റെ ഡെലിവറി ഫ്‌ളിക് ചെയ്ത് സിംഗിളിനോടിയ ഗില്‍ ക്വിക് റണ്ണിന് പകരം പതുക്കെയാണ് ഓടിയത്. വളരെ പെട്ടന്ന് തന്നെ പന്ത് കളക്ട് ചെയ്ത പൂരന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഒരു കിടിലന്‍ ത്രോ ചെയ്യുകയായിരുന്നു.
പൂരന്‍ പന്ത് കളക്ട് ചെയ്തതുകണ്ട് ഗില്‍ വേഗം കൂട്ടാന്‍ നോക്കിയെങ്കിലും ലോകത്തിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ പൂരന്റെ മെസ്മറൈസിങ് ത്രോയെ മറികടക്കാന്‍ താരത്തിനായില്ല.
റണ്‍ ഔട്ടായി മടങ്ങുമ്പോള്‍ 53 പന്തില്‍ നിന്നും 64 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.
നിലവില്‍ 43 ഓവര്‍ പിന്നിടുമ്പോള്‍ 254ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. ഗില്ലിന് പുറമെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.