'ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം'; പാക് സൂപ്പര്‍താരത്തെ പുകഴ്ത്തി ശുഭ്മന്‍ ഗില്‍
Cricket
'ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം'; പാക് സൂപ്പര്‍താരത്തെ പുകഴ്ത്തി ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th September 2023, 9:59 am

ഇന്ത്യന്‍ യുവ ഓപ്പണര്‍ ബാറ്ററായ ശുഭ്മന്‍ ഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പ്രശംസിച്ചു രംഗത്ത്.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായിട്ടാണ് താരം പാക് ക്യാപ്റ്റനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

ബാബര്‍ അസം ഒരു ലോകോത്തരതാരമാണെന്നും തങ്ങള്‍ എല്ലാവരും അദ്ദേഹത്തെ ആരാധിക്കുന്നുണ്ടെന്നുമാണ് ഇന്ത്യന്‍ യുവതാരം അഭിപ്രായപ്പെട്ടത്.

വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ബാബര്‍,
ആധുനിക ക്രിക്കറ്റില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് അദ്ദേഹം. തന്നെപ്പോലുള്ള യുവതാരങ്ങള്‍ ബാബറിന്റെ പ്രകടനങ്ങള്‍ വീക്ഷിക്കുകയും അദ്ദേഹത്തിന്റെ കളിക്കളത്തിലുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്യണമെന്നും ഗില്‍ പറഞ്ഞു.

‘ഞങ്ങള്‍ അവനെ പിന്തുടരുന്നു. എല്ലാവരും അവന്റെ കളി നിരീക്ഷിക്കുന്നു എങ്ങനെയാണവന്‍ കളിക്കുന്നതെന്നും അവന്റെ കളിയിലുള്ള പ്രത്യേകത എന്താണെന്നുമറിയാനാണ് അവര്‍ അവന്റെ കളി വീക്ഷിക്കുന്നത്. അവന്‍ ഒരു ലോകോത്തര താരമാണ് ഞങ്ങള്‍ എല്ലാവരും അവന്റെ കളിയെ ആരാധിക്കുന്നു’. മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനത്തില്‍ ഗില്‍ പറഞ്ഞു.

 

പാകിസ്ഥാന് വേണ്ടി 105 ഏകദിന മത്സരങ്ങളില്‍ നിന്നും 5370 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഇതില്‍ 19 സെഞ്ച്വറികളും 28 അര്‍ധസെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 131 പന്തില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേടികൊണ്ടായിരുന്നു താരം ഏഷ്യാ കപ്പിലേക്ക് വരവറിയിച്ചത്. താരത്തിന്റ്രെ ഈ മികച്ച പ്രകടനം ഏഷ്യാ കപ്പില്‍ പാക് ടീമിന് മികച്ച കുതിപ്പാണ് സമ്മാനിച്ചത്. വരാനിരിക്കുന്ന മത്സരങ്ങളിലും താരത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെയും അതിനുശേഷം ശ്രീലങ്കക്കെതിരെയുമാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍.

Story Highlight : Shubman Gill talking about Babar Azam batting performance