ഉത്തരാഖണ്ഡിൽ മസ്ജിദ് പൊളിച്ചുമാറ്റുന്നത് തടഞ്ഞു; സംഘർഷം, പൊലീസ് വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ടു
national news
ഉത്തരാഖണ്ഡിൽ മസ്ജിദ് പൊളിച്ചുമാറ്റുന്നത് തടഞ്ഞു; സംഘർഷം, പൊലീസ് വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 8:38 am

ന്യൂദൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുരയിൽ അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചു മാറ്റാനുള്ള നീക്കത്തിന് പിന്നാലെ സംഘർഷം. സംഘര്‍ത്തിന് പിന്നാലെ നടന്ന പൊലീസ് വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ടതായും നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നതതല യോഗം വിളിച്ചുചേർക്കുകയും അക്രമകാരികളെ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവിറക്കുകയും ചെയ്തു.

മാലിക് കാ ബഗീച്ചയിലെ മറിയം മസ്ജിദും അതിനോട് ചേർന്ന മദ്രസയും പൊളിക്കാനായി എത്തിച്ച ജെ.സി.ബി മെഷീൻ പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ചോളം വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

നിരോധനാജ്ഞയെ തുടർന്ന് ആരും വീടുവിട്ടു പുറത്തിറങ്ങാൻ പാടില്ല. ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും മാത്രമേ തുറക്കാവൂ.

അതേസമയം ഭൂമി പാട്ടത്തിന് എടുത്ത ഒരാളിൽ നിന്ന് വാങ്ങിയ അല്പം ഭൂമിയിൽ അബ്ദുൽ മാലിക് എന്നയാളാണ് മസ്ജിദ് പണിതതെന്നും ഔദ്യോഗിക റവന്യൂ രേഖകളിലൊന്നും നസൂൽ ഭൂമി സർക്കാരിന്റേതാണെന്ന് പറയുന്നില്ലെന്നും ബൻഭൂൽപുരയിലെ പ്രദേശവാസികളിലൊരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എന്നാൽ കോടതി ഉത്തരവിനെ തുടർന്നാണ് ഉദ്യോഗസ്ഥസംഘം അനധികൃത കെട്ടിടം പൊളിക്കാൻ പോയത് എന്നാണ് മുഖ്യമന്ത്രി ധാമി പറയുന്നത്. മദ്രസയും മസ്ജിദും പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായ പറഞ്ഞു.

സമീപത്തെ മൂന്ന് ഏക്കർ സ്ഥലം നേരത്തെ നഗരസഭ ഏറ്റെടുക്കുകയും മദ്രസയും മസ്ജിദും സീൽ ചെയ്യുകയും ചെയ്തിരുന്നു.

CONTENT HIGHLIGHT: Shoot on sight orders in Uttarakhand locality after demolition drive sparks tension in Haldwani