പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ ഷിന്‍ഡെ സര്‍ക്കാര്‍ നിലംപൊത്തും: സഞ്ജയ് റാവത്ത്
national news
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ ഷിന്‍ഡെ സര്‍ക്കാര്‍ നിലംപൊത്തും: സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 4:40 pm

മുംബൈ: ശക്തമായ അടിത്തറയില്ലാതെയാണ് മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത് എന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളിലായിരിക്കും ഷിന്‍ഡെ സര്‍ക്കാര്‍ നിലംപൊത്തുകയെന്നും റാവത്ത് പറഞ്ഞു.

ബി.ജെ.പി പറയുന്നത് പോലെ ഇത്രമാസത്തിനുള്ളില്‍ സര്‍ക്കാര്‍ താഴെവീഴും എന്ന തീയതിയൊന്നും വിളിച്ചുപറയാന്‍ ശിവസേന വരുന്നില്ല. സര്‍ക്കാരിന് നിലനില്‍പ്പില്ലെന്ന കാര്യം വ്യക്തമാണെന്നും റാവത്ത് പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ പോലും ഷിന്‍ഡെ നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്ത് ഭരണം താറുമാറാകുക മാത്രമല്ല സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിതെന്നും റാവത്ത് പറഞ്ഞു.

അനീതിയിലൂടെ നേടിയ സര്‍ക്കാര്‍ പദവി അധികകാലം നിലനില്‍ക്കില്ലെന്നും റാവത്ത് പറഞ്ഞു.

‘അനീതിയിലൂടെ രൂപീകരിച്ച ഈ ഇരട്ടത്താപ്പ് സര്‍ക്കാര്‍ സ്വന്തം വൈരുദ്ധ്യങ്ങള്‍ കൊണ്ടുതന്നെ തകരും. ഷിന്‍ഡെ സര്‍ക്കാരിന് ശക്തമായ അടിത്തറയില്ല, അത് ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല’ റാവത്ത് പറഞ്ഞു.

ജൂണിലായിരുന്നു ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്, ഏക് നാഥ് ഷിന്‍ഡെയും 39 വിമതരും ശിവസേനയുടെ സഖ്യസര്‍ക്കാരായിരുന്ന മഹാവികാസ് അഘാഡിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യസര്‍ക്കാരായ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണത്.

ഇതിന് പിന്നാലെ ഷിന്‍ഡെയും വിമതരും ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ഏക് നാഥ് ഷിന്‍ഡെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയുമായിരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതയേറ്റിരുന്നു.

അതേസമയം ഏക് നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് ദുഖത്തോടെയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞദിവസം പറഞ്ഞത്.
ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏക് നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത് കഠിന ഹൃദയത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതോടെ ബി.ജെ.പിയും ഷിന്‍ഡെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുകയാണ്.

സന്തോഷത്തോടെയല്ലെങ്കിലും നേതൃത്വത്തിന്റെ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവന്നുവെന്നും പാട്ടീല്‍ പറയുന്നുണ്ട്.

‘സുസ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതുകൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. ബി.ജെ.പി കേന്ദ്ര നേതൃത്വവും ദേവേന്ദ്ര ഫഡ്നാവിസും ഷിന്‍ഡെയെ പിന്തുണച്ചത് ഹൃദയഭാരത്തോടെയാണ്. സന്തോഷത്തോടെയല്ലെങ്കിലും ഞങ്ങള്‍ക്ക് ആ തീരുമാനം അംഗീകരിക്കേണ്ടിവന്നു,’ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തുമ്പോള്‍ ഷിന്‍ഡെയുമായോ ശിവസേനയില്‍ നിന്നെത്തിയ വിമത എം.എല്‍.എമാരുമായോ പാര്‍ട്ടിക്ക് അസ്വാരസ്യമുണ്ടെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.

Content Highlight: Shivasena MP sanjay raut says that shinde government will never last longer and it will end up soon due to internal conflicts