മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് 2024 ഐ.പി.എല്ലിന്റെ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ ഒരു മത്സരം കൂടി സഞ്ജുവിനും സംഘത്തിനും വിജയിക്കണം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് സഞ്ജുവും കൂട്ടരും നേരിടുക.
ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഋതുരാജിനെയും സംഘത്തിനെയും തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന രണ്ടാമത്തെ ടീമായി മാറാന്‍ സഞ്ജുവിന് കൂട്ടര്‍ക്കും സാധിക്കും.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത ഈ സീസണില്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറിയിരുന്നു.
ഇപ്പോഴിതാ പ്ലേ ഓഫില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരങ്ങളായ ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍ എന്നിവര്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. വരാനിരിക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസിന് സൗത്ത് ആഫ്രിക്കയുമായി പരമ്പരയുണ്ട്.
മെയ് 24 മുതല്‍ 28 വരെയാണ് സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പരയ്ക്കായി വിൻഡീസ് താരങ്ങൾ നാട്ടിലേക്ക് പോവേണ്ടിവന്നാല്‍ അത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. എന്നാല്‍ ഇതുവരെ സൗത്ത് ആഫ്രിക്കെതിരെയുള്ള പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറും പ്ലേ ഓഫില്‍ ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ നിലനിന്നിരുന്നു. പാകിസ്ഥാനെതിരെയുള്ള പരമ്പര കളിക്കാനായി ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് പോവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെടുകയും ഇംഗ്ലണ്ട് താരങ്ങള്‍ പ്ലേ ഓഫില്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിന്റെ സാഹചര്യത്തില്‍ ബട്ലര്‍ പ്ലേ ഓഫില്‍ കളിക്കുമോ എന്നതും സംശയത്തിന്റെ നിഴലിലാണ്.
Content Highlight: Shirmon Hetmeier and Rovman Powell are doubtful for the playoffs