ദുല്‍ഖര്‍ സല്‍മാന്‍ എന്നും തന്നോട് ഒരുപോലെ മാത്രമാണ് പെരുമാറിയിട്ടുള്ളതെന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. കമ്മട്ടിപ്പാടം, കുറുപ്പ് എന്നീ സിനിമകളുടെ സമയത്ത് വളരെ സ്നേഹത്തോടെയാണ് ദുല്‍ഖര്‍ പെരുമാറിയതെന്നും ഷൈന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
തന്റെ അടിയെന്ന സിനിമ ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്‌തെന്നും സത്യത്തില്‍ അവന് അതിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കേസ് വന്നതിന് ശേഷവും ദുല്‍ഖറിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ലെന്നും ഇന്നേവരെ അതിനെ കുറിച്ച് ചോദിക്കുകയോ തന്നെ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ലെന്നും നടന്‍ പറഞ്ഞു. മമ്മൂട്ടിയും അങ്ങനെ തന്നെയാണെന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറയുന്നു.
‘എന്നും എന്നോട് ഒരുപോലെ മാത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ പെരുമാറിയിട്ടുള്ളത്. കമ്മട്ടിപ്പാടം സിനിമയുടെ സമയത്താണെങ്കിലും കുറുപ്പിന്റെ സമയത്താണെങ്കിലും അങ്ങനെ തന്നെയായിരുന്നു. ദുല്‍ഖര്‍ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്.
പിന്നീട് എന്റെ അടി എന്ന സിനിമ വരെ ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്തിരുന്നു. സത്യത്തില്‍ അതിന്റെ ഒരു ആവശ്യവും അവര്‍ക്കില്ലായിരുന്നു. എന്നാല്‍ അവന്‍ എന്നോട് വളരെയധികം സഹകരിച്ചിട്ടുണ്ട്. എന്റെ കേസൊക്കെ വന്നതിന് ശേഷവും അങ്ങനെ തന്നെയായിരുന്നു.
അവരൊന്നും ഇന്നേവരെ അതിനെ കുറിച്ച് ചോദിക്കുകയോ എന്നെ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ല. മമ്മൂക്കയും അങ്ങനെ തന്നെയാണ്. അദ്ദേഹം എന്നെ അടുത്ത് നിര്‍ത്തി ഫോട്ടോയെടുക്കുകയും കെട്ടിപിടിക്കുകയുമൊക്കെ ചെയ്യും. ഞാനായി ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമ്പോഴും അവരെന്നെ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് നോക്കുക,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
Content Highlight: Shine Tom Chacko Talks About Dulquer Salmaan And Mammootty