അഭിമുഖത്തിനിടയില്‍ അവതാരകന്റെ ചോദ്യത്തിന് ഷൈന്‍ ടോം നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. മാധ്യമങ്ങള്‍ സൈഡ് സ്റ്റോറികള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് തന്റെ കേസിലൂടെ മനസിലായിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ മറുപടി നല്‍കി.
ലൈവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം.
ചിത്രത്തിന്റെ സംവിധായകന്‍ വി.കെ. പ്രകാശ്, നടി മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, പ്രിയ വാര്യര്‍, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.
ലൈവ് എന്ന ചിത്രത്തില്‍ ധാരാളം സൈഡ് സ്റ്റോറികള്‍ ഉണ്ട്. അത്തരം സൈഡ് സ്റ്റോറികള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘ഞാന്‍ അതൊക്കെ എന്റെ കേസില്‍ നിന്ന് നന്നായിട്ട് മനസിലാക്കിയിട്ടുണ്ട്,’ ഷൈന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന് നമ്മുടെ സിനിമയില്‍ ചോദിക്കുന്നുണ്ട്,’ വി. കെ. പ്രകാശ് പറഞ്ഞു.
‘വാര്‍ത്തകള്‍ കിട്ടിയില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് ഉണ്ടാക്കണം എന്നാണ് സിനിമയില്‍ പറയുന്നത്. പക്ഷെ വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കില്ല. അതിനെപ്പറ്റി നന്നായി നിരീക്ഷിച്ചിട്ടാണ് ചെയ്യേണ്ടത്,’ ഷൈന്‍ പറഞ്ഞു.
അഭിമുഖത്തില്‍ സൈഡ് സ്റ്റോറിയെപ്പറ്റി സംസാരിച്ചപ്പോള്‍, പ്രസ് മീറ്റില്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ തന്റെ പേര് വലിച്ചിഴച്ചെന്നും തന്റെ പേരില്‍ മയക്കുമരുന്ന് കേസ് ആരോപിച്ചിരുന്നതിനെപ്പറ്റി വീണ്ടും പരാമര്‍ശം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘പ്രസ് മീറ്റില്‍ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്നെ എന്തിനാണ് അതിലേക്ക് വലിച്ചിഴക്കുന്നത്. അതില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് കേസും, ദുബായ് എയര്‍ പോര്‍ട്ടിലെ കോക്പിറ്റ് കേസും ഒക്കെ സംസാരിച്ചു. അതൊക്കെ എന്തിനാണ് ഇവിടെ സംസാരിക്കുന്നത്. അതിനെപറ്റി തിരക്കാന്‍ പോലീസ് ഉണ്ട്. അതുകേട്ടിട്ട് എന്റെ അമ്മ എന്നെ വിളിക്കുകയും ചെയ്തു,’ ഷൈന്‍ പറഞ്ഞു.
ലൈവ് എന്ന ചിത്രം സൈബര്‍ ആക്രമങ്ങളെപ്പറ്റിയും മീഡിയ മാഫിയയെപ്പറ്റിയുമാണ് ചര്‍ച്ച ചെയ്യുന്നത്. കൃഷ്ണ പ്രഭ, മുകുന്ദന്‍, രശ്മി സോമന്‍, ജയശങ്കര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.