ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സാമ്‌ന; താക്കറെ പക്ഷത്തെ എം.എല്‍.എമാര്‍ ഷിന്‍ഡെയോടൊപ്പം ചേരാന്‍ കാത്തുനില്‍ക്കുന്നുവെന്ന് നാരായണ്‍ റാണെ
national news
ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സാമ്‌ന; താക്കറെ പക്ഷത്തെ എം.എല്‍.എമാര്‍ ഷിന്‍ഡെയോടൊപ്പം ചേരാന്‍ കാത്തുനില്‍ക്കുന്നുവെന്ന് നാരായണ്‍ റാണെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2022, 12:19 pm

മുംബൈ: ഷിന്‍ഡെ പക്ഷത്തെ നാല്‍പ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുകയാണെന്ന പരാമര്‍ശവുമായി താക്കറെ വിഭാഗം. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ മുഖപത്രമായ സാമ്‌നയിലായിരുന്നു ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. ഷിന്‍ഡെ പക്ഷത്തുള്ള നാല്‍പ്പത് എം.എല്‍.എമാരില്‍ 22പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് പരാമര്‍ശം.

ബി.ജെ.പി മുഖ്യമന്ത്രി എന്നത് ബി.ജെ.പിയുടെ നിലനില്‍പ്പിനുള്ള താത്ക്കാലിക ക്രമീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഷിന്‍ഡെ വിഭാഗം ജയിക്കുമെന്ന അവകാശവാദം തെറ്റാണെന്നും പാര്‍ട്ടിക്കുള്ളില്‍ എം.എല്‍.എമാര്‍ അസംതൃപ്തരാണെന്നും സാമ്‌നയില്‍ പറയുന്നു.

‘മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്കും സര്‍പഞ്ചിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്ന ഷിന്‍ഡെ പക്ഷത്തിന്റെ അവകാശവാദം തെറ്റാണ്. കുറഞ്ഞത് ഷിന്‍ഡെ പക്ഷത്തെ 22 എം.എല്‍.എമാര്‍ അസംതൃപ്തരാണ്. ഭൂരിഭാഗം ആളുകളും ബി.ജെ.പിയില്‍ ചേരും.

സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്.
മുഖ്യമന്ത്രി ഷിന്‍ഡെ ആ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്. ഷിന്‍ഡെയോട് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. ബി.ജെ.പിയുടെ കളിപ്പാവ മാത്രമാണ് ഷിന്‍ഡെ,’ ലേഖനത്തില്‍ പറയുന്നു.

അതേസമയം ഉദ്ധവ് പക്ഷത്തെ നാല് എം.എല്‍.എമാര്‍ ഷിന്‍ഡെ വിഭാഗത്തിലേക്കെത്തുമെന്ന പ്രഖ്യാപനവുമായി
കേന്ദ്രമന്ത്രി നാരായണ്‍ റാണെ രംഗത്തെത്തിയിരുന്നു. ഇനി ശിവസേനയില്ലെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഏതാണ്ട് അവസാനിച്ചുവെന്നും റാണെ അവകാശപ്പെട്ടു.

‘ശിവസേന ഇപ്പോഴില്ല. 56 എം.എല്‍.എമാരില്‍ അഞ്ചോ ആറോ പേര്‍ മാത്രമെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. അവരും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ്. നാല് എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ ഏത് നിമിഷവും ഷിന്‍ഡെ പക്ഷത്ത് ചേരാം,’ റാണെ പറഞ്ഞു.

അതേസമയം നേരത്തെ താക്കറെ വിഭാഗത്തിന്റെ തെരഞ്ഞടുപ്പ് ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഇതിന് പിന്നാലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് ഉദ്ധവ് ബാല സാഹേബ് താക്കറെ എന്ന പേരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. തീപ്പന്തമാണ് താക്കറെ വിഭാഗത്തിന്റെ പുതിയ ചിഹ്നം. ബാലസാഹേബാന്‍ജി ശിവസേന എന്നാണ് ഷിന്‍ഡെ നയിക്കുന്ന ശിവസേന വിഭാഗത്തിന്റെ പേര്.

Content Highlight: Shinde faction MLAs to join BJP; Narayana Rane says Thackeray MLAs are waiting to join Shinde camp