IPL
അക്ഷരം തെറ്റാതെ വിളിക്കാം, ദി മോസ്റ്റ് അണ്ടര്‍ റേറ്റഡ് ഫിനിഷര്‍; അശ്വിനും ബട്‌ലറും ചഹലും മാത്രമല്ല, ഇവനും പ്രശംസ അര്‍ഹിക്കുന്നുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 13, 09:52 am
Thursday, 13th April 2023, 3:22 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം ആഘോഷിച്ചിരുന്നു. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്‌സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ആതിഥേയരെ അട്ടിമറിച്ച് പിങ്ക് സിറ്റി വിജയം പിടിച്ചടക്കിയത്.

ഈ വിജയത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്നുകൊണ്ട് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നു.

ചെന്നൈക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിന് നിര്‍ണായകമായത് മധ്യനിരയിലെ വിശ്വസ്തനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്ന മജീഷ്യന്റെ പ്രകടനം കൂടിയായിരുന്നു. ജോസ് ബട്‌ലറിനെയും ആര്‍. അശ്വിനെയും യൂസ്വേന്ദ്ര ചഹലിനെയും അഭിനന്ദിക്കുന്നതിന്റെ തിരക്കില്‍ ആരാധകര്‍ പോലും മറന്നുപോകുന്ന പേരാണ് ഹെറ്റിയുടേത്.

കഴിഞ്ഞ മത്സരത്തില്‍ മിഡില്‍ ഓര്‍ഡറില്‍ റണ്‍ ഉയര്‍ന്നത് ഹെറ്റ്‌മെയറിന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. 18 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 166.67 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 30 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.

ഇതാദ്യമായല്ല ഹെറ്റി മിഡില്‍ ഓര്‍ഡറിന്റെ കരുത്താകുന്നത്. സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കളിച്ച നാല് മത്സരത്തിലും ഹെറ്റിയുടെ സഹായം സഞ്ജുവിനുണ്ടായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു ഹെറ്റ്‌മെയര്‍ നേടിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 18 പന്തില്‍ നിന്നും 36 റണ്‍സടിച്ച കരീബിയന്‍ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 21 പന്തില്‍ നിന്നും 39 റണ്‍സും നേടി.

ഈ നാല് മത്സരത്തില്‍ നിന്നുമായി 73 പന്ത് നേരിട്ട ഹെറ്റ്‌മെയര്‍ സ്വന്തമാക്കിയത് 127 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റാകട്ടെ 173.97ഉം!

ഈ സീസണില്‍ കളിച്ച നാല് മത്സരത്തില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഹെറ്റ്‌മെയര്‍ പുറത്തായത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പുറത്തായതാകട്ടെ റണ്‍ ഔട്ടിലൂടെയും. അതായത് പേരുകേട്ട ബൗളര്‍മാര്‍ക്കൊന്നും സീസണില്‍ ഹെറ്റിയെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല എന്ന് സാരം.

കഴിഞ്ഞ സീസണിലേതെന്ന പോലെ ഇത്തവണയും താന്‍ പിങ്ക് പടയുടെ നെടുംതൂണാകുമെന്ന് ഹെറ്റ്‌മെയര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന്റെ മിഡില്‍ ഓര്‍ഡറില്‍ ഹെറ്റ്‌മെയറിന്റെ സാന്നിധ്യം ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും ഏറെ വലുതാണ്.

 

Content highlight: Shimron Hetmyer’s incredible batting performance in IPL 2023