മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്.
ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളാണ് ഷിബു ബേബി ജോണ്‍. ഇപ്പോള്‍ വാലിബന്റെ ഓഡിയോ ലോഞ്ചിനിടയില്‍ തനിക്ക് ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക തോന്നിയ ഒരു ദിവസത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.
‘എന്നെ സംബന്ധിച്ച് ഒരു അച്ഛന്‍ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും ഞാന്‍ ഏറ്റവും ടെന്‍ഷനടിച്ചത് വാലിബന്‍ പോണ്ടിച്ചേരിയില്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. ഈ സിനിമയുടെ കാര്യങ്ങളെല്ലാം രഹസ്യമായി വെക്കുന്ന സ്വഭാവമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
അതിന്റെ ഭാഗമായി ലൊക്കേഷനില്‍ ഫോണിലും മറ്റും ഒന്നും ഷൂട്ട് ചെയ്യരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടായിരത്തില്‍ അധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ഷൂട്ട് നടക്കുന്ന ഒരു ദിവസം ഞാന്‍ ലൊക്കേഷനില്‍ ചെന്നിറങ്ങുമ്പോള്‍ കാണുന്നത് ഒരു കൂട്ടയോട്ടമാണ്.
എല്ലാവരെയും കടന്നല്‍ കുത്തിയതാണ്. കടന്നലാണോ അതോ തേനീച്ചയാണോ എന്ന് ഓര്‍മയില്ല. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ്, ലൊക്കേഷനില്‍ ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിനെ പറ്റി അറിയുന്നത്.
അവിടെ സെക്യൂരിറ്റിയില്‍ നിന്നവര്‍ ആ മൊബൈല്‍ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ ഫോട്ടോ എടുത്തവര്‍ നോക്കുമ്പോള്‍ അവിടെ ഒരു കടന്നല്‍കൂട് കണ്ടു. അതിലേക്ക് രണ്ട് കല്ല് വലിച്ചെറിഞ്ഞു. അങ്ങനെ ആ കടന്നലുകളെയാണ് ഞാന്‍ ചെന്നപ്പോള്‍ കണ്ടത്.
ഞാന്‍ അന്ന് ആദ്യം കാണുന്നത് എന്റെ മകന്റെ മുഖമാണ്. അവനെ മനസിലാക്കാത്ത തരത്തില്‍ മുഖത്ത് കടന്നല്‍കുത്തേറ്റിരുന്നു. അന്ന് നൂറോ നൂറ്റിയിരുപതോളം പേരെയോ അവിടുന്ന് വണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചു.
സത്യത്തില്‍ വാലിബന്റെ ഷൂട്ടിന്റെ ഇടയില്‍ ഏറ്റവും ആശങ്ക തോന്നിയ ഒരു ദിവസമായിരുന്നു അത്,’ ഷിബു ബേബി ജോണ്‍ പറയുന്നു.
Content Highlight: Shibu Baby John Talks About A Day During Malaikottai Valiban’s Shoot That He Felt The Most Worried About