ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ വലിയ പരാജയമാണ് ടീം ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ആദ്യ മത്സരം ജയിച്ച് പരമ്പര കൈപ്പിടിയിലാക്കാൻ ഒരുങ്ങിയ ഇന്ത്യൻ ടീമിനെ തുടർന്നുള്ള രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ വിറപ്പിക്കുകയായിരുന്നു.
ഇതോടെയാണ് 1-2 എന്ന മാർജിനിൽ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടത്. എന്നാൽ ത്രിദിന ഏകദിന പരമ്പരയിൽ മൂന്ന് ഇന്നിങ്സിലും സ്കോർ ഒന്നും നേടാൻ സാധിക്കാതെ പൂജ്യത്തിന് പുറത്തായതോടെ വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ടി-20 സ്പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യ കുമാർ യാദവിനെതിരെ ഉയർന്ന് വന്നത്.
താരത്തെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കണമെന്നും ഇത്രയേറെ മികച്ച താരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ സൂര്യ കുമാർ യാദവിനെ ഇനിയും ഇന്ത്യൻ സ്‌ക്വാഡിൽ വെച്ച് കൊണ്ടിരിക്കരുതെന്നുമായിരുന്നു ഉയർന്ന് കേട്ട വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.
എന്നാലിപ്പോൾ ഏകദിന പരമ്പരയിൽ ഫ്ലോപ്പായ സ്കൈയെ മാറ്റി പകരം മലയാളി താരമായ സഞ്ജു സാംസണ് ഇന്ത്യൻ ഏകദിന ടീമിൽ അവസരം നൽകണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എം.പിയായ ശശി തരൂർ.
ട്വിറ്ററിലൂടെയായിരുന്നു സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടത്.
“ഇപ്പോൾ പാവം പിടിച്ച സൂര്യകുമാർ യാദവ് അടുപ്പിച്ച് മൂന്ന് ഗോൾഡൻ ഡക്കുകൾ സ്വന്തമാക്കി പുതിയൊരു ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.
എന്നാൽ എകദിനത്തിൽ 66 റൺസ് ശരാശരിയുള്ള സഞ്ജുവിനെ എന്താണിപ്പോഴും ടീമിൽ ഉൾപ്പെടുത്താത്തതെന്ന് മനസിലാകുന്നില്ല. ടീമിൽ ഇടം പിടിക്കാൻ അദ്ദേഹം ഇനിയെന്താണ് ചെയ്യേണ്ടത്,’ ശശി തരൂർ ട്വീറ്റ് ചെയ്തു.
ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിൽ തന്നെ ആദ്യ മത്സരത്തിൽ പരിക്കേറ്റ താരത്തിന് പിന്നീടുള്ള രണ്ട് മത്സരങ്ങളും നഷ്ടമാവുകയായിരുന്നു.
Now that poor @surya_14kumar has set an unenviable world record w/ his three golden ducks in a row, is it unreasonable to ask why @IamSanjuSamson, averaging averaging 66 in ODIs despite batting at an unfamiliar position for him at 6, wasn’t in the squad? What does he need to do?
ഇന്ത്യക്കായി 11 ഏകദിന മത്സരങ്ങൾ കളിച്ച സഞ്ജു 66 റൺസ് ശരാശരിയിൽ 330 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്.
അതേസമയം മാർച്ച് 31ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലിന് ശേഷം ജൂൺ ഏഴിനാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്.