Entertainment news
'എല്ലാവരും പറയും ദില്‍ വാലയാണ് മികച്ചതെന്ന് പക്ഷെ എനിക്കിഷ്ടം ബാസിഗറാണ്': മിസ് മാര്‍വെലിലെ ഷാരുഖ് ഖാന്‍ റഫറന്‍സ് ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 17, 05:58 am
Friday, 17th June 2022, 11:28 am

മാര്‍വലിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ സീരിസ് മിസ് മാര്‍വല്‍ ജൂണ്‍ എട്ടിനാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തത്. മാര്‍വലിന്റെ ആദ്യ മുസ്ലിം സൂപ്പര്‍ ഹീറോയായ മിസ് മാര്‍വലിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തത്. ഈ എപ്പിസോഡില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനേയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ പറ്റിയും ഒരു സീനില്‍ പറയുന്നുണ്ട്. ഈ സീനാണിപ്പോള്‍ ഷാരുഖ് ഖാന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാര്‍വലില്‍ നിന്ന് പുറത്ത് വന്ന ഒരു കണ്ടെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ റഫറന്‍സ് വലിയ കാര്യമാണെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്.

1993 ല്‍ പുറത്തിറങ്ങിയ ബസിഗര്‍ എന്ന ചിത്രത്തെ പറ്റിയും, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കലെത്തെയും ഹിറ്റ് ചിത്രം ‘ദില്‍ വാല ദില്‍ വാലേ ദുല്‍ ഹനിയാ ലേ ജാംയേഗ’ യെ പറ്റിയും സീരീസില്‍ പരാമര്‍ശിക്കുന്നുണ്ട്. മിസ് മാര്‍വലിന്റെ രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്തത് മലയാളിയായ മീര മേനോനാണ്. മിസ് മാര്‍വലിന്റെ ആദ്യ എപ്പിസോഡിന് പിന്നിലും മീര ഉണ്ടായിരുന്നു. അദില്‍ എല്‍ അര്‍ബി, ബിലാല്‍ ഫല്ല എന്നിവര്‍ക്കൊപ്പം മീര മേനോനും ചേര്‍ന്നാണ് മിസ് മാര്‍വല്‍ സംവിധാനം ചെയ്തത്.

അതേസമയം മിസ് മാര്‍വലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ന്യൂജേഴ്‌സിയില്‍ നിന്നുള്ള 16 വയസ്സുകാരിയായ കമല ഖാന്റെ കഥയാണ് സീരിസ് പറയുന്നത്. പാകിസ്ഥാന്‍ വംശജയായ അമേരിക്കന്‍ പെണ്‍കുട്ടിയാണ് കമല ഖാന്‍.


സ്‌കൂളിലും വീട്ടിലും ഒറ്റപ്പെടുന്ന പെണ്‍കുട്ടിയായ കമലക്ക് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതിലൂടെ എല്ലാം മാറിമറിയുന്നു. ആറ് എപ്പിസോഡുകളായാണ് മിസ് മാര്‍വല്‍ സ്ട്രീം ചെയ്യുന്നത്. ക്യാപ്റ്റന്‍ മാര്‍വെലിന്റെ പോലെ നീലയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് കമലക്കും നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ മാര്‍വലിന്റെ തുടര്‍ച്ചയായ ദി മാര്‍വല്‍സിലും കമല ഉണ്ടായിരിക്കും.

ആദ്യം മിസ് മാര്‍വല്‍ 2021 ന്റെ അവസാനത്തില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മറ്റ് മാര്‍വല്‍ റിലീസുകള്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് മിസ് മാര്‍വലും വൈകുകയായിരുന്നു.

Content Highlight : Sharukh khan Movie  reference in Ms Marvel series