മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുമായി പ്രതിസന്ധിയിലായിരിക്കുന്ന മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പവാറിന്റെ നീക്കം.
പൊതു സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് പവാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമാണ് പവാര്‍ കത്തെഴുതിയിരിക്കുന്നത്.
‘കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന നഗരമാണ് മുംബൈ. ലോക്ഡൗണ്‍ നീട്ടേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ഇത് മഹാരാഷ്ട്രയുടെ സാമ്പത്തികാവസ്ഥയെ അടപടലം ബാധിച്ചിരിക്കുകയാണ്. ഈ അവസ്ഥ അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെപ്പോലും ഗുരുതരമായി ബാധിക്കും’, പവാര്‍ മുന്നറിയിപ്പ് നല്‍കി.
‘140,000 കോടിയുടെ വരുമാനത്തകര്‍ച്ചയുണ്ടാകുമെന്നും ഇത് ആകെ വരുമാനത്തിന്റെ 40 ശതമാനം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി.പിയുടെ മൂന്ന് ശതമാനം എന്ന നിലവിലെ വായ്പാ പരിധിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര 92,000 കോടി കടം വാങ്ങിയാലും മതിയാവാത്ത അവസ്ഥയാണ്’, പവാര്‍ വ്യക്തമാക്കി.