Maharashtra
എല്‍ഗാര്‍ പരിഷദ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതില്‍ അതൃപ്തി; എന്‍.സി.പി മന്ത്രിമാരുടെ യോഗം വിളിച്ച് ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 17, 04:50 am
Monday, 17th February 2020, 10:20 am

മുംബൈ: മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ എന്‍.സി.പി മന്ത്രിമാരുടെ യോഗം വിളിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. ശരദ് പവാര്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിരീകരിച്ചു. യോഗത്തില്‍ പാര്‍ട്ടിയുടെ 16 മന്ത്രിമാരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഗാര്‍ പരിഷദ് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍.ഐ.എയ്ക്ക് വിട്ടതില്‍ ശരദ് പവാര്‍ നേരത്തെ വിയോജിപ്പറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് സര്‍ക്കാര്‍ നിലപാടില്‍ പരസ്യമായി എതിര്‍പ്പറിയിച്ച് ശരദ് പവാര്‍ രംഗത്തെത്തിയത്.

എല്‍ഗര്‍ പരിഷദ് കേസ് സംസ്ഥാന പൊലീസ് തന്നെയാണ് അന്വേഷിക്കേണ്ടതെന്നും എന്‍.ഐ.എയ്ക്ക് വിട്ട സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൊലീസ് സ്വീകരിച്ച നടപടി അന്വേഷിക്കേണ്ടതാണ്. ആക്ടിവിസ്റ്റുകള്‍ക്കെതിരെ സ്വീകരിച്ച നടപടി ശരിയോ തെറ്റോ ആയിരിക്കട്ടെ, പക്ഷെ റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജി ഉള്‍പ്പെട്ട ഒരു കമ്മിറ്റി ഇത് അന്വേഷിക്കണം. മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും ഞാന്‍ കത്തയച്ചിട്ടുണ്ട്. അന്വേഷണം നടത്താന്‍ സംസ്ഥാനത്തിനും അധികാരമുണ്ട്.’, ഇതായിരുന്നു പവാറിന്റെ പരാമര്‍ശം.

ഇന്നലെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം പങ്കെടുക്കേണ്ടിയിരുന്ന സംസ്ഥാന ലോയേഴ്‌സ് കോണ്‍ഫറന്‍സില്‍ നിന്ന് പവാര്‍ വിട്ടുനിന്നിരുന്നു. അതേസമയം ശനിയാഴ്ച നടന്ന കര്‍ഷകറാലിയില്‍ ശരദ് പവാറും ഉദ്ധവ് താക്കറെയും ഒരുമിച്ച് പങ്കെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇന്ന് നടക്കുന്ന യോഗം പാര്‍ട്ടി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ വേണ്ടി മാത്രമാണെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ അറിയിച്ചത്.

WATCH THIS VIDEO: