രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ താരമാണ് ശങ്കർ ഇന്ദുചൂഡൻ. ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തിൽ മൈക്കിൾ എന്ന ഒരു പ്രധാന കഥാപാത്രമായി ശങ്കർ എത്തുന്നുണ്ട്.
ചിത്രത്തിലെ സിദ്ദിഖിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ശങ്കർ. ചിത്രത്തിൽ മോഹൻലാലും സിദ്ദിക്കും തമ്മിലുള്ള സീനുകൾ യുദ്ധം പോലെ ആയിരുന്നുവെന്നാണ് താരം പറയുന്നത്.
വലിയ ഡയലോഗുകൾ ഒറ്റ ടേക്കിൽ പറഞ്ഞ് ഓക്കെ ആക്കുന്നത് കണ്ട് തനിക്ക് അത്ഭുതം തോന്നിയെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞു.
‘എടുത്ത് പറയേണ്ട പേര് സിദ്ദിഖ് സാറിന്റെതാണ്. ലാലേട്ടനും സിദ്ദിഖ് സാറും കോടതിക്കുള്ളിൽ വച്ച് വരുന്ന കോമ്പിനേഷൻ സീനുകൾ ഉണ്ട്. അത് അങ്ങോട്ടും ഇങ്ങോട്ടും ഒരു യുദ്ധം പോലെ ആയിരുന്നു.
ശരിക്കും ഒരു കോടതിയിൽ സംഭവിക്കുന്നതിനേക്കാളും വളരെ ഭംഗിയായിട്ട് അവർ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയായിരുന്നു. ഈ കഥയുടെയും കഥാപാത്രത്തിന്റെയും ഒരു ശൈലിയും അങ്ങനെ ആയിരുന്നു. ഇതെല്ലാം കണ്ട് ഡെയിലി ക്ലാപ്പടിയായിരുന്നു ലൊക്കേഷനിൽ.
വലിയ 2 പേജിൽ ഉള്ള ഡയലോഗ്സ് ഒക്കെ ഒറ്റ ടേക്കിൽ ഓക്കേ ആക്കുന്നത് കണ്ട് ഞെട്ടി നിന്ന് പോയി. സിദ്ദിഖ് സാറിന്റെ പ്രകടനം അത്രയും സ്ട്രോങ്ങ് ആയിരുന്നു. അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറാണ്. ലാലേട്ടൻ ആണെങ്കിലും അങ്ങനെയാണ്.
ഗരുഡൻ എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും വക്കീൽ വേഷം ചെയ്യുന്നത്. അതിൽ നിന്ന് വേറിട്ട് വേറൊരു തലത്തിലാണ് അദ്ദേഹം നേരിൽ അഭിനയിച്ചിട്ടുള്ളത്.