Entertainment news
ഞാന്‍ ഇപ്പോഴും ആക്ടറൊന്നുമല്ല, ഐ ആം നതിങ്; ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല; അവതാരകക്ക് കിടിലന്‍ മറുപടി നല്‍കി ഷെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 26, 05:06 pm
Saturday, 26th February 2022, 10:36 pm

കിസ്മത്ത്, പറവ, വലിയപെരുന്നാള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് ഷെയ്ന്‍ നിഗം. ഷെയ്‌നിന്റെ സ്വാഭാവിക അഭിനയരീതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരും രംഗത്തെത്താറുണ്ട്.

എന്നാല്‍ താന്‍ ഇപ്പോഴും ഒരു നടനല്ല, എന്ന ഷെയ്‌നിന്റെ ഒരു മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രം വെയിലിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ഷെയ്ന്‍ കിടിലന്‍ മറുപടി നല്‍കുന്നത്.

ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍.

”ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്,” എന്നായിരുന്നു ഷെയ്ന്‍ മറുപടി നല്‍കിയത്.

”ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല.

പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്‌നമായിരിക്കും,” ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ തിയേറ്ററില്‍ റിലീസായ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, ജെയിംസ് ഏലിയ, മെറിന്‍ ജോസ്, സയീദ് ഇമ്രാന്‍, സുധി കോപ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Content Highlight: Shane Nigam says he is not an actor